Home, Social (Malayalam)

ബ്രാന്‍ഡിങ് ഇന്‍ഡ്യ

(ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയതെങ്ങിനെ? ആരാണ് ഇന്ത്യയെ ബ്രാന്‍ഡു ചെയ്യുന്നത്? )

”India’s Daughter, Salute those thousands of brave Indians determined to fight the traditional Culture of misogyny”
Richard Dawkins, A famous Atheist

നാം ജീവിക്കുന്നത് വര്‍ത്തമാനകാലത്താണ്. അത് ഭാവികാലത്തേക്കുള്ള നമ്മുടെ പ്രവര്‍ത്തനത്തിന്റെ തട്ടകവുമാണ്. ഭൂതകാലത്തിന്റെ നഷ്ടശിഷ്ടങ്ങള്‍ നമ്മുടെ വര്‍ത്തമാനകാലത്ത് തേര്‍ത്തള്ളലായി കടന്നുവരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കഴിഞ്ഞ കുറച്ചു കാലമായി ലോകശ്രദ്ധ ഇന്ത്യയിലേക്കു തിരിയുന്നു. 2012 ഡിസംബര്‍ 12ന് നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ ഓഫ് അമേരിക്ക പുറത്തുവിട്ട ഒരു പഠനത്തില്‍ 2030ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ഭദ്രതയുള്ള മൂന്നു രാജ്യങ്ങളില്‍ ഒന്നാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചൈനയും അമേരിക്കയുമാണ് മറ്റ് രണ്ടു രാജ്യങ്ങള്‍. 2013 ഏപ്രില്‍ 5ന് പ്രസിദ്ധീകരിച്ച ‘The Economist’ എന്ന മാസികയുടെ കവര്‍‌സ്റ്റോറി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായിത്തീരുന്നതിന്റെ വിവരങ്ങളടങ്ങിയതായിരുന്നു.
അതായത്, ഏറ്റവും ചുരുക്കത്തില്‍ ഇക്കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യ ഒരു വലിയ സാമ്പത്തിക ശക്തിയായി ഉയരാനുള്ള സാധ്യതകള്‍ കാണിച്ചുതുടങ്ങിയിരിക്കുന്നു. അമേരിക്കയിലെ രാഷ്ട്രതന്ത്രജ്ഞനും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ജോണ്‍ ഓഫ് കെന്നഡി സ്‌കൂളിന്റെ ഡീനുമായ ജോസഫ് സാമുവല്‍ നൈ (Joseph Samuel Nye) യുടെ പ്രാധാന്യം ഇവിടെയാണ് കടന്നുവരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട് അമേരിക്ക ശക്തിയായി മുന്നോട്ടു പോകുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ പ്രയോക്താവാണ് ‘നൈ.’ കാരണം, അദ്ദേഹം പറയുന്നത് ഹാര്‍ഡ്, ന്യൂക്ലിയര്‍ ശക്തികളേക്കാള്‍ ലോകം കീഴടക്കാന്‍ കഴിയുക ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികള്‍ പോലുള്ള സര്‍വ്വകലാശാലകളെക്കൊണ്ടും കൊക്കക്കോള കൊണ്ടും സോഫ്റ്റ്‌വെയര്‍കൊണ്ടുമാണെന്ന് നാം തിരിച്ചറിയണമെന്ന് നൈ അമേരിക്കയെ ഉപദേശിക്കുന്നു.

 

ഇന്ത്യ സ്മാര്‍ട്ടാകുമ്പോള്‍.

മോദി സര്‍ക്കാര്‍ വന്നതോടെ ഇന്ത്യയിലൊന്നാകെ ‘സോഫ്റ്റ് പവര്‍’ എന്ന കാഴ്ചപ്പാട് നടപ്പാക്കിത്തുടങ്ങിയത് നാം ശ്രദ്ധിച്ചതാണ്. പരമാവധി സോഷ്യല്‍ സൈറ്റുകള്‍, ഇന്റര്‍നെറ്റ്, വൈഫൈ, വാട്ട്‌സ് അപ്പ്, ട്വീറ്റ് എന്നൊക്കെ നാം ഇക്കഴിഞ്ഞ കുറച്ചു മാസങ്ങളായി ധാരാളം കേട്ടുവരുന്നു. എന്തുകൊണ്ടാണിങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമാണ് സോഫ്റ്റ് പവര്‍ + ഹാര്‍ഡ് പവര്‍ = സ്മാര്‍ട്ട് പവര്‍ എന്ന ജോസഫ് നൈയുടെ ചിന്താഗതിയുടെ പ്രസക്തി. ഭാവിയുടെ ശക്തി ഈ സ്മാര്‍ട്ട് പവര്‍ ആണെന്ന് ഇന്ത്യയും തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിന്റെ ഭാഗമായി നഗരങ്ങള്‍ തിരഞ്ഞെടുത്ത് വൈഫൈ ഫ്രീയായി നല്‍കാനുള്ള പദ്ധതി പോലും നമ്മുടെ ബജറ്റില്‍ വന്നുകഴിഞ്ഞു. അങ്ങനെ വരുമ്പോള്‍ ഇന്ത്യ മഹത്തായ സാമ്പത്തിക ശക്തിയായിത്തീരുമെന്ന പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന സൂചന നമുക്ക് ലഭിക്കുന്നു. ഇനി ലോകത്തിനു മുന്‍പില്‍ നാം ശക്തരായി നമ്മെത്തന്നെ അവതരിപ്പിക്കേണ്ട അവസ്ഥ വന്നുകഴിഞ്ഞു. ‘ഹാര്‍ഡ് പവര്‍’ അഥവാ ആയുധശക്തികൊണ്ട് വികസിക്കുന്നതിനേക്കാള്‍ വിദ്യാഭ്യാസമേഖലകള്‍കൊണ്ടും വ്യാപാരപദ്ധതികള്‍കൊണ്ടും സോഫ്റ്റ്‌വെയര്‍കൊണ്ടും വിജയിക്കാനുള്ള പടപ്പുറപ്പാട് ഇന്ത്യ നടത്തുമ്പോള്‍ അതിനെ എങ്ങനെയാണ് തടയിടുക?

 

‘ബ്രാന്റിങ് ഇന്ത്യ’ എന്ന പദ്ധതിയെ തടയിടാനും വിദേശനിക്ഷേപങ്ങള്‍ ഇല്ലാതാക്കാനും ഏറ്റവും നല്ല വഴികള്‍ ഒരു രാജ്യത്തിന്റെ സാമൂഹികരാഷ്ട്രീയസാംസ്‌കാരിക പശ്ചാത്തലം പാടേ മലീമസമായി ചിത്രീകരിക്കുക എന്നതാണ്. ഇവിടെയാണ് പ്രമുഖ നിരീശ്വരവാദിയായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ നാരീവിദ്വേഷമെന്ന (misogyny) എന്ന പ്രയോഗത്തിന്റെ പ്രസക്തി. ഡോക്കിന്‍സിന്റെ ട്വീറ്റില്‍ ഉപയോഗിച്ചത് ‘Traditional Culture of misogyny’ എന്നാണ്. അതായത് നാരീവിദ്വേഷത്തിന്റെ പരമ്പരാഗതമായ സംസ്‌കാരമെന്നര്‍ത്ഥം. വേദങ്ങളുടെ ഉപവേദമായി ഗണിക്കുന്ന ഗാന്ധര്‍വ്വവേദത്തിന്റെ ഭാഗമാണ് ഭരതന്റെ നാട്യശാസ്ത്രം. നാട്യശാസ്ത്രത്തിലെ വസ്ത്രവിവരണങ്ങളും ഏറ്റവും വലിയ രസങ്ങളുടെ വിവരണങ്ങളും ഇവിടെ നാം പഠനത്തിന് വിധേയമാക്കണം. കാരണം ചരിത്രം വര്‍ത്തമാനകാലത്ത് സജീവമായിത്തീരുമെന്ന സൂചന ഡോക്കിന്‍സിന്റെ ട്വീറ്റില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. രസങ്ങളില്‍ ശൃംഗത്തില്‍ അഥവാ കൊടുമുടിയില്‍ നില്‍ക്കുന്നതാണ് ശൃംഗാരം. അത് വേദികളില്‍ കാട്ടിയിരുന്നത് സ്ത്രീകളായിരുന്നു. അതു കാണിച്ചതിനാല്‍ അവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നില്ല. മാറുമറയ്ക്കാത്ത സ്ത്രീകള്‍ ഇവിടത്തെ തെരുവിലൂടെ നടന്നിരുന്നതും ചരിത്രമാണ്. അന്നും പീഢനങ്ങളുണ്ടായിരുന്നില്ല.

Krishna+in+Vrindavan

 

നാരീവിദ്വേഷത്തിന്റെ മണ്ണ് തേടി..

വാസ്തവത്തില്‍ നാരീവിദ്വേഷമെന്ന പാരമ്പര്യസംസ്‌കാരം യൂറോപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ചതാണെന്ന് ഡോക്കിന്‍സ് അറിയണം. 13ാം നൂറ്റാണ്ടില്‍ 1288ല്‍ ഇന്ത്യ സന്ദര്‍ശിച്ച മാര്‍ക്കോപോളോയുടെ യാത്രാവിവരണങ്ങള്‍ വായിച്ചാല്‍ ഇന്ത്യയുടെ മനോഭാവം ഇക്കാര്യത്തില്‍ വ്യക്തമാകും. വാത്സ്യായനന്റെ കാമസൂത്രമെന്ന ഗ്രന്ഥവും ഇതേ ഇന്ത്യയിലാണ് ഉണ്ടായിരുന്നത്. താന്ത്രിക മതത്തിലെ കന്യാപൂജയും സുഹാസിനി പൂജയുമൊക്കെ എന്താണ് നമുക്ക് കാണിച്ചുതരുന്നത്? അതേ സമയം പാശ്ചാത്യലോകത്ത് ഏഴാം നൂറ്റാണ്ടുവരെ സ്ത്രീയെ മനുഷ്യനായിപ്പോലും കണക്കാക്കിയിരുന്നില്ല. ഇന്ന് വിവാദമായ ‘ഇന്ത്യയുടെ മകള്‍’ പ്രക്ഷേപണം ചെയ്ത ബിബിസിയുടെ ആസ്ഥാനമായ ഇംഗ്ലണ്ടില്‍ സ്ത്രീക്ക് വോട്ടുചെയ്യാനുള്ള അവകാശം കിട്ടിയത് 1926ല്‍ മാത്രമാണ്. ഫ്രാന്‍സിലും ഇറ്റലിയിലും 1945ലാണ് ആ അവകാശം അവര്‍ക്ക് ലഭിച്ചത്. സ്വീഡനില്‍ 1972 ല്‍ മാത്രമാണ് സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശം ലഭിച്ചത്. എന്നാല്‍ ഇന്ത്യയുടെ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്തത് രാജ്യം ഭരിച്ച ഝാന്‍സിയിലെ റാണി ലക്ഷ്മീഭായി ആയിരുന്നുവെന്ന് കാണുമ്പോള്‍ സ്ത്രീകളെ ഇന്ത്യ കണ്ടതിന്റെ പ്രാചീനചരിത്രം ബോധ്യമാകും.

 

‘ഇംഗ്ലണ്ടിന്റെ മക്കള്‍’

ജ്യോതിസിംഗി (നിര്‍ഭയ)ന് ഡല്‍ഹിയിലുണ്ടായ അപമാനം ഇവിടുത്തെ പാരമ്പര്യത്തിന് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ തെരുവിലിറങ്ങി. കാരണം അവരുടെ രക്തം റാണി ലക്ഷ്മാഭായിയുടേതാണ്. എവിടെ നാരികള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ രമിക്കുന്നുവെന്ന കാഴ്ചപ്പാടുകാരാണ് അവര്‍. സ്വാഭാവികമായും ഇത്തരത്തിലുള്ള അപമാനം ഭാരതത്തിന്റെ തന്നെ അപമാനമായി അവര്‍ കണ്ടു. അവര്‍ തെരുവിലിറങ്ങി. റിച്ചാര്‍ഡ് ഡോക്കിന്‍സ് ഒരു കാര്യംകൂടി ട്വീറ്റു ചെയ്തിരുന്നു. ‘India’s daughter. They ‘punished’ her for violating their culturalt raditions by going out in the evening with a man who was not family.’ കുടുംബത്തില്‍പ്പെട്ടവന്റെ കൂടെയല്ലാത്തതിനാലാണോ ആ ക്രൂരമായ ബലാത്സംഗം നടന്നത്? rape-rates-765535അല്ല ഇനി ഭര്‍ത്താവാണോ അല്ലയോ എന്നൊന്നും വേട്ടക്കാരന്റെ മനസ്സിലുണ്ടായിട്ടില്ല. ഇങ്ങനെ കാര്യങ്ങളെ കാണുമ്പോള്‍ അതു പ്രചരിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ തരിമ്പുപോലും കടന്നുവരുന്നില്ല. മാത്രമല്ല, ‘ഇന്ത്യയുടെ മകളെ’ രാഷ്ട്രീയസാമ്പത്തിക കാര്യങ്ങള്‍ക്ക് വിനിയോഗിക്കുയാണ് വിദേശ മാധ്യമങ്ങള്‍ ചെയ്യുന്നത്. അതിനു കാരണം ആ കുട്ടിയോട് തോന്നുന്ന മാനുഷിക ഭാവമല്ല. മൃഗീയമായ കച്ചവടഭാവമാണ്. ഇത് പ്രക്ഷേപണം ചെയ്യുന്ന ഇംഗ്ലണ്ടിലെ കണക്കുകള്‍ നോക്കുക. അപ്പോള്‍ നിര്‍ഭയയോടുള്ള സ്‌നേഹമല്ല, മറിച്ച് മറ്റെന്തൊക്കെയോ ആണ് ഇതിന്റെ പിന്നിലെന്ന് മനസ്സിലാക്കാം. ബ്രിട്ടണില്‍ 71 ശതമാനം സ്ത്രീകളും 57 ശമാനം പുരുഷന്മാരും ലൈംഗിക അരാജകത്വത്തിന്റെ ഇരകളാണെന്ന് കണക്കുകള്‍ പറയുന്നു. ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 72,000 പുരുഷന്മാര്‍ ബലാത്സംഗത്തിന് വിധേയരാകുന്നുവെന്നാണ്‌ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് (Times of India). The Independent മാര്‍ച്ച് 11ന് ബുധനാഴ്ച നല്കിയ യുകെയെക്കുറിച്ചുള്ള ഒരു ക്രൈം റിപ്പോര്‍ട്ടുണ്ട്്. ഇംഗ്ലണ്ടില്‍ ഒരുലക്ഷം ലൈംഗിക ഇരകളുണ്ട്. ഈ കുറ്റത്തിന് ശിക്ഷിച്ചതാകട്ടെ കേവലം ആയിരം ബലാത്സംഗവീരന്മാരെയും! ഇത് അവിടുത്തെ മിനിസ്ട്രി ഓഫ് ജസ്റ്റിസ് (The Home Office and the Office for National Statics) നല്കിയ കണക്കാണ്. ഏറ്റവും ചുരുങ്ങിയത് 15,670 ബലാത്സംഗകേസുകള്‍ പോലീസില്‍ റിപ്പോര്‍ട്ടു ചെയ്താല്‍ നാലിലൊന്ന് പ്രതികളെപ്പോലും തിരിച്ചറിയാന്‍ അവിടെ കഴിയുന്നില്ല. ഹോം സെക്രട്ടറിയും സ്ത്രീ സമത്വ മന്ത്രാലയത്തിന്റെ വക്താവുമായ യവറ്റേ കൂപ്പര്‍ പറയുന്നത് ഈ ഭയപ്പെടുത്തുന്ന ബലാത്സംഗ കണക്കുകള്‍ കാണിക്കുന്നത് അടിയന്തിര നടപടികള്‍ നാം സ്വീകരിക്കണമെന്നാണ്. ഇതാണ് ‘ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യുമെന്ററി എടുക്കാന്‍ ശ്രമിച്ച് വിജയിച്ച ഇംഗ്ലണ്ടിന്റെയും അതു പ്രക്ഷേപണം ചെയ്ത ബിബിസിയുടെയും നാടിന്റെ അവസ്ഥ.

 

ഇന്ത്യ ആക്രമിക്കപ്പെടുന്നു!

ജര്‍മനിയിലെ ബ്ലോഗ് റൈറ്ററായ മറിയ വിര്‍ത്ത് എഴുതിയ ‘Why this focus on Rapes in India by World Media’ എന്ന ലേഖനം ഇവിടെയാണ് പ്രസക്തമാകുന്നത്. ‘ലോക മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം നമ്മുടെ ശ്രദ്ധയില്‍പ്പെടും. ഇന്ത്യ മുഴുവന്‍ ലൈംഗികപീഡനമാണെന്ന രീതിയിലാണ് വാര്‍ത്താപ്രക്ഷേപണങ്ങള്‍. ”ഇന്ത്യയില്‍ വീണ്ടും സ്ത്രീപീഡനം” ഇങ്ങനെയാണ് തലക്കെട്ടുകള്‍.
ഞാന്‍ അവസാനമായി ജര്‍മനിയില്‍ പോയപ്പോള്‍ അവിടുത്തെ പ്രസിദ്ധമായ ടിവി ചാനലില്‍ ‘മറ്റൊരു കൂട്ട പീഢനം കൂടി ഇന്ത്യയില്‍’ എന്നായിരുന്നു ഒരു പ്രധാന വാര്‍ത്ത. ആദ്യ അഞ്ച് പ്രധാന വാര്‍ത്തകളില്‍ ഒന്നായി അത് ഇടം പിടിച്ചു. 15 മിനുറ്റ് പ്രക്ഷേപണത്തില്‍ അഞ്ചില്‍ ഒന്നായി ആ വാര്‍ത്ത മാറി. എന്റെ സഹോദരിപോലും ഈ വാര്‍ത്ത കണ്ട് ജര്‍മനിയിലെന്തിനാണ് ഇങ്ങനെ പ്രാധാന്യത്തോടെ ഈ വാര്‍ത്ത നല്കുന്നതെന്ന് അത്ഭുതപ്പെട്ടു. ഇതേ സമയം അമേരിക്കയില്‍ 200, സൗത്ത് ആഫ്രിക്കയില്‍ 170 പീഡനങ്ങള്‍ നടന്നിട്ടുണ്ടാവും. ഇവയില്‍ ഒട്ടുമിക്കതും കൂട്ടപീഡനങ്ങളുമായിരിക്കും. പല കേസുകളിലും സ്ത്രീകള്‍ കൊല്ലപ്പെടുകയും ചെയ്യും. ഇവയെല്ലാം വേദനാജനകമായ ഹൃദയഭേദകമായ കഥകളാണുതാനും.482x314xDecline-of-Murder-and-Rape.png.pagespeed.ic.aZGliHzdQy പിന്നെ ഇന്ത്യയെ മാത്രമെന്തിന് ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിച്ച് ഒറ്റപ്പെടുത്തി വട്ടമിട്ട് ആക്രമിക്കുന്നു. ഇന്ത്യയുടെ പീഡനസംസ്‌കാരം ലോകമാധ്യമങ്ങളില്‍ കുത്തിനിറയ്ക്കുന്നു. നൂറംബര്‍ഗ് (Nuremberg) പത്രത്തില്‍ അരപ്പേജാണ് ഇന്ത്യാ പീഡനത്തിന് നീക്കിവെച്ചത്. എന്നാല്‍ അതേ പത്രത്തിന്റെ സ്വീഗല്‍ മാസികയില്‍ 7000 ആളുകള്‍ മരിച്ച ഉത്തരാഖണ്ഡ് ദുരന്തം ഒരു ബിറ്റുവാര്‍ത്തപോലും ആയില്ല’ (ബ്ലോഗില്‍നിന്ന്). ഇന്ത്യയിലേക്ക് പോകുന്ന ടൂറിസ്റ്റുകള്‍ക്ക് വിദേശമന്ത്രാലയങ്ങള്‍ പീഡനമുന്നറിയിപ്പ് നല്‍കുന്നുപോലും. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലാ രാജ്യങ്ങളിലുമുള്ള പീഡനക്കണക്കുകള്‍ എടുത്താല്‍ ഇന്ത്യയുടെത് എത്രയോ താഴെയാണെന്നു കാണാം. ഇവിടെയാണ് സംശയം ആരംഭിക്കുന്നത്. മരിയാ വിര്‍ത്തിന്റെ വാക്കുകള്‍ തന്നെ ഞാന്‍ കടമെടുക്കാം. ‘Articles appeared now, after written by Indians with Hindu names, that Indian (read Hindu) Culture to be blamed for the rapes, because it does not consider women as ‘autonomous entities,’ which probably means: that they can’t do what they want. The Washington Post proclaim that sexual violence was endemic in India. The Reuters Trust Law group named India One for the worst coutnries in the world for women. A Harward Committee crafted tsrategies for adolescent education to change the Indian mind set about gender. It was getting a bit much. Don’t Westerner’s look at their own record past and present and compare it with that of India? Are they not ashamed?’
(മരിയയുടെ ബ്ലോഗില്‍ നിന്ന്)
ചുരുക്കമെഴുതാം. വരുന്ന മാധ്യമലേഖനങ്ങള്‍ ഹിന്ദു പേരുകള്‍ വെച്ചാണ് എഴുതുന്നത്. ഹിന്ദു സംസ്‌കാരം സ്ത്രീകള്‍ക്ക് സ്വതന്ത്ര അധികാരങ്ങള്‍ നല്കുന്നില്ലെന്നു വ്യാഖ്യാനിക്കാനാണിത്. വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത് ഇന്ത്യ ലൈംഗിക പീഡനങ്ങള്‍ കണ്ടുവരുന്ന ഒരു പ്രത്യേക ജനതതിയുടെ രാജ്യമെന്നാണ്. റോയിട്ടേഴ്‌സ് ട്രസ്റ്റ് ലോ ഗ്രൂപ്പ് സ്ത്രീകള്‍ക്ക് ഏറ്റവുമധികം ദുരിതമുള്ള രാജ്യമാണ് ഇന്ത്യ എന്നാണു പറയുന്നത്. ഇതിന് പ്രത്യേക വിദ്യാഭ്യാസം കൊടുക്കണമത്രെ. ഇതിന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല പ്രത്യേക പദ്ധതികള്‍ നെയ്‌തെടുക്കുകയാണത്രെ. നോക്കൂ ഇവിടെയാണ് ജോസഫ് നൈയുടെ ഹാര്‍വാര്‍ഡ് സോഫ്റ്റ് പവര്‍ രംഗത്തുവരുന്നത്.

 

ഇന്ത്യയുടെ മകളും സ്മാര്‍ട്ട് പവറും

മരിയവിര്‍ത്ത് ഇന്ത്യയുടെ പാരമ്പര്യത്തില്‍ സ്ത്രീകള്‍ക്കുള്ള മാന്യത എടുത്തുപറയുന്നുണ്ട്. ISIS ന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ച തുഫെയ്ല്‍ അഹമ്മദ് പറയുന്നത് തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇര സ്ത്രീകളാണെന്നാണ്. അതു നാം ഈയ്യിടെ ഇറാഖിലും സിറിയയിലും കണ്ടതുമാണ്. അതെല്ലാം മാറ്റിവെച്ച് ഇന്ത്യയെ സ്ത്രീപീഡനരാജ്യമായി ബ്രാന്‍ഡ് ചെയ്യുന്നത് എന്തിനാണെന്ന് നാം ചോദിച്ചുപോകും. ഈയ്യിടെ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോല്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കാനെത്തിയത് ഇന്ത്യന്‍ എര്‍ഫോഴ്‌സിലെ വിംഗ് കമാന്‍ഡര്‍ പൂജാ ഠാകൂറായിരുന്നു. ഇത് മനഃപൂര്‍വ്വമായ പ്രവര്‍ത്തനമാകുന്നത് എന്തുകൊണ്ടാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് കൂട്ടിവായിച്ചാല്‍ മനസ്സിലാകും. പതുക്കെപ്പതുക്കെ മാധ്യമങ്ങളില്‍ നിറഞ്ഞ ലൈംഗിക പീഡനവ്യാഖ്യാനങ്ങള്‍ മാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

12144921അപ്പോഴാണ് ‘ഇന്ത്യയുടെ മകള്‍’ ഉയര്‍ന്നുവന്നത്. കേസിലെ പ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. മരിയ തന്റെ ബ്ലോഗില്‍ പറയുന്നതുപോലെ ശിക്ഷിക്കപ്പെട്ടവരില്‍ മൈനറായ ആളൊഴിച്ച് ബാക്കി എല്ലാവരും ഹിന്ദുക്കളാണ്. എന്നാല്‍ ‘മൈനര്‍’ ഒരു മുസ്‌ലിമാണ്. ഇക്കാര്യം പ്രചാരണത്തിന് ഉപയോഗിച്ചില്ലെന്നും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട് മരിയ തന്റെ ബ്ലോഗില്‍. ഈ പ്രചരണം കാരണം നിരവധി ഇന്ത്യക്കാരായ യുവാക്കള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പ്രവേശനംപോലും നിഷേധിക്കുകയാണ്. അത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ജര്‍മനിയില്‍നിന്നും മറ്റും വരുന്നത്.
la-fg-india-modi-suit-20150130 ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം  ലോകരാജ്യങ്ങളുടെ ശ്രദ്ധ  ഇന്ത്യയിലേക്കു തിരിച്ചു. ആഭ്യന്തര  പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന  ഒബാമയ്ക്കും അതൊരു ആശ്വാസമായിരുന്നു. ‘ഇന്ത്യയുടെ  മകള്‍’ എന്ന ഡോക്യുമെന്ററിയുടെ സ്‌പോണ്‍സര്‍മാര്‍  ആരാണെന്നുകൂടി അറിഞ്ഞാല്‍ എന്താണ് ‘സ്മാര്‍ട്ട് പവര്‍’  (Smart Power) എന്ന് മനസ്സിലാകും. അമേരിക്കയുടെ  നേതൃത്വവും മൂല്യങ്ങളും സൈനികശക്തിയും സാമ്പത്തികശാസ്ത്രസാങ്കേതിക പദ്ധതികളും ഒരുമിച്ച് പോകണമെന്ന ‘സ്മാര്‍ട്ട് പവര്‍’ എന്ന കാഴ്ചപ്പാടിന്റെ വക്താവാണ് ഹിലരി ക്ലിന്റണ്‍. ജോസഫ് നൈയുടെ അതേ കാഴ്ചപ്പാടുകാരി. ‘ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രായോജകര്‍ വൈറ്റല്‍ വോയ്‌സ് ഗ്ലോബല്‍ പാര്‍ട്ട്ണര്‍ഷിപ്പ് ആയിരുന്നു. ഈ സ്ഥാപനം 1997ല്‍ ഹിലരി ക്ലിന്റണും മാഡ്‌ലീന്‍ ആല്‍ബര്‍ട്ടും ചേര്‍ന്ന് സ്ഥാപിച്ചതാണ്. ഈ സ്ഥാപനത്തിന്റെ മനുഷ്യാവകാശവിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് സിന്‍സിഡിയര്‍ എഴുതിയത് ഇങ്ങനെയാണ് ‘ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി മാത്രമല്ല, മറിച്ച് ആഗോളതലത്തിലുള്ള സാംസ്‌കാരിക മാറ്റത്തിന്റെ ശക്തമായ തട്ടകം കൂടിയാണ്.’്

മാറു മറയ്ക്കാതെ സ്ത്രീകള്‍ നടന്നപ്പോല്‍ ഉണ്ടാകാത്ത പീഡനങ്ങള്‍, കാമസൂത്രങ്ങള്‍ ക്ഷേത്രങ്ങളില്‍പ്പോലും ശില്പങ്ങളായി കൊത്തിവെക്കപ്പെട്ടപ്പോള്‍, സ്ത്രീകള്‍ രാജ്യം തന്നെ ഭരിച്ചപ്പോള്‍ ഒന്നും ഇന്ത്യയിലുണ്ടാകാത്ത സംഭവവികാസങ്ങള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നുവെങ്കില്‍ തിരിച്ചറിയുക അതിന്റെ പിന്നിലുള്ള അജന്‍ഡയെക്കുറിച്ച്. ഇന്ത്യയുടെ മനസ്സില്‍ സ്ത്രീകള്‍ക്കൊരു സ്ഥാനമുണ്ട്. അത് വസ്ത്രധാരണംകൊണ്ട് മാറുകയില്ല.
എന്നാല്‍ ലോകത്തെമ്പാടുമുള്ള സ്ത്രീപീഡന അനുകൂലികള്‍ പറയുന്നത് വസ്ത്രധാരണമാണ് കാരണമെന്നാണ്. തികച്ചും വിഡ്ഢിത്തമാണിതെന്ന് മനഃശാസ്ത്രം പഠിച്ചാല്‍ മനസ്സിലാകും. അങ്ങനെയെങ്കില്‍ മലബാറില്‍ മാറു മറയ്ക്കാത്ത സ്ത്രീകളുണ്ടായ കാലത്ത് എന്തായിരുന്നിരിക്കണം അവസ്ഥ. നൈതികമൂല്യങ്ങള്‍ തകരുന്നത് കുടുംബവ്യവസ്ഥയില്‍ ഉണ്ടായ ബ്രിട്ടീഷുകാരന്റെ കാഴ്ചപ്പാടുകളാണെന്ന് വ്യക്തം. റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ളവര്‍ വെള്ളക്കാരന്റെ ഭാണ്ഡവും പേറി നടക്കുകയാണെന്നേ പറയാനാകൂ. അമേരിക്കയിലെ ക്രിസ്റ്റ്യന്‍ അഡ്‌വൈസറി സര്‍വീസ് ഫോര്‍ വിമന്‍ പറയുന്നത് സ്ത്രീകള്‍ പ്രകോപനപരമായ വസ്ത്രധാരണം ചെയ്യുന്നതാണ് പീഡനത്തിന് കാരണമെന്നാണ്. (www.afternet.org/story/146360/why we still blame victims of rape)
ഇത്തരത്തിലൊരു ചിന്ത വെച്ചു പുലര്‍ത്താതെ നമ്മളൊന്നാകെ നിര്‍ഭയയുടെ കാര്യത്തില്‍ തെരുവിലിറങ്ങി.
കര്‍ണാടകത്തില്‍ 16ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരോട് എതിരിട്ടു വിജയിച്ച ഉള്ളാളിലെ റാണി അംബകയുടേയും 17ാം നൂറ്റാണ്ടില്‍ വീരജീവിതം നയിച്ച കേളടി ചെന്നമ്മയുടേയും നാടാണ് നമ്മുടേത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി യുദ്ധം ചെയ്ത കര്‍ണാടകത്തിലെ കിട്ടുര്‍ റാണി ചെന്നമ്മ (1778-1829)യെ നാം വിസ്മരിക്കരുത്. മുഗള്‍ രാജാക്കന്മാരോട് എതിരിട്ടു രാജ്യം ഭരിച്ച റാണി ദുര്‍ഗാവതിയെ നാം ഓര്‍മിക്കണം. വോട്ടവകാശംപോലും 100 വര്‍ഷത്തിനു മുന്‍പ് മാത്രം സ്ത്രീകള്‍ക്ക് അനുവദിച്ച രാജ്യങ്ങളാണ് നമ്മെ സംസ്‌കാരത്തിന്റെ മഹിമ പഠിപ്പിക്കുന്നത്. നിര്‍ഭയയുടെ കാര്യത്തില്‍ അവള്‍ക്കുവേണ്ടി പൊരുതാന്‍ ഇവിടെത്തന്നെ ആളുകളുണ്ട്്. അതിന്റെ പേരില്‍ നമ്മള്‍ ഇന്ത്യക്കാരെ ഒന്നാകെ ഒറ്റപ്പെടുത്താന്‍ അനുവദിക്കരുത്. ആ ഒറ്റപ്പെടുത്തലിന് ഒറ്റ വാക്കേയുള്ളൂ ‘ബ്രാന്‍ഡിംഗ് ഇന്ത്യ!’