Articles, Spiritual (Malayalam)

ഹിന്ദുവിനുമുണ്ട് ജ്യോതിശ്ശാസ്ത്രം

ശാസ്ത്രീയമായ കണ്ടെത്തലുകള്‍ പ്രാചീന ഹിന്ദുക്കള്‍ നടത്തിയിരുന്നുവെന്ന് പറഞ്ഞാല്‍ ഉടന്‍ എതിര്‍പ്പും പരിഹാസവുമായി നിരവധി പേരെത്തും. ഏതെങ്കിലും ശാസ്ത്രകണ്ടുപിടുത്തം ഉണ്ടായാല്‍ ഉടന്‍ അത് തങ്ങളുടെ മതഗ്രന്ഥത്തില്‍ ഉള്ളതാണെന്ന് അവകാശപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഉള്ള ശാസ്ത്രതത്ത്വങ്ങളെ അതിന്റെ പേരില്‍ പരിഹാസത്തോടെ അന്ധവിശ്വാസമെന്ന പേരില്‍ തള്ളിക്കളയുന്നതും എതിര്‍ക്കപ്പെടേണ്ടതാണ്.

ആര്യഭടനും, വരാഹമിഹിരനും, ഭാസ്‌കരാചാര്യനുമെല്ലാം നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. അവക്കെല്ലാം വേരായിനിന്നത് വേദങ്ങളായിരുന്നൂതാനും. ഭാരതത്തില്‍ ഉണ്ടായിരുന്ന ജ്യോതിശ്ശാസ്ത്രപരമായ സിദ്ധാന്തങ്ങളില്‍ പലതും പാശ്ചാത്യദേശങ്ങളില്‍ പുനരാവിഷ്‌കരിക്കപ്പെട്ടത് 13-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി മാത്രമാണ്. കോപ്പര്‍നിക്കസ്സിന്റെ (1473-1543) ആവിര്‍ഭാവത്തോടുകൂടിയാണല്ലോ പാശ്ചാത്യ ജ്യോതിശ്ശാസ്ത്രത്തിന് അടിത്തറ പാകപ്പെട്ടത്.

ഋഗ്വേദാദി ചതുര്‍വേദങ്ങളില്‍ ജ്യോതിശ്ശാസ്ത്രത്തിന്റെ പല അടിസ്ഥാന തത്ത്വങ്ങളും വളരെ വ്യക്തമായി പറയുന്നുണ്ട്. തന്മൂലം ഭാരതീയ വൈജ്ഞാനിക ശാഖകളില്‍ ജ്യോതിശ്ശാസ്ത്രത്തിന് അദ്വിതീയമായ ഒരു സ്ഥാനം കൈവരിക്കാന്‍ സാധിച്ചു. വേദത്തിന്റെ ആറംഗങ്ങളില്‍ ഒന്നാണ് ജ്യോതിഷം. അങ്ങനെ വേദം മുതല്‍ സൂര്യസിദ്ധാന്തം വരെ പരന്നുകിടക്കുന്ന ജ്യോതിശ്ശാസ്ത്രപാരമ്പര്യം നമുക്കുണ്ട്.

‘ഭൂമി’ എന്ന ഗ്രഹം, സൂര്യനു ചുറ്റുമുള്ള അതിന്റെ ഭ്രമണം, ഭൂഗുരുത്വാകര്‍ഷണം, ഗതിക്രമം തുടങ്ങിയ കാര്യങ്ങളെല്ലാം വേദങ്ങളില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. ഋഗ്വേദത്തിലേക്ക് നാം കടക്കുക. അവിടത്തെ ഒരു പ്രസ്താവന ഇങ്ങനെ വായിക്കാം:

‘കേന്ദ്രഭാഗത്ത് (ദിവി) നീ ഏറ്റവും പ്രകാശവാനായ സൂര്യനെ സ്ഥാപിച്ചിരിക്കുന്നു. പിന്നെ എല്ലാ ഭുവനങ്ങളെയും സൂര്യന്റെ ശക്തിയില്‍ നിയന്ത്രിച്ചുനിര്‍ത്തിയിരിക്കുന്നു.” (ഋഗ്വേദം 8.12.30). എന്നാല്‍ 15-ാം നൂറ്റാണ്ടുവരെ യൂറോപ്പില്‍ പ്രചാരത്തിലുണ്ടായിരുന്ന സിദ്ധാന്തമനുസരിച്ച് ഭൂമി കേന്ദ്രവും സൂര്യനും മറ്റു ഗ്രഹങ്ങളും അതിനു ചുറ്റും പരിക്രമണം ചെയ്യുകയും ചെയ്യുന്നു എന്നായിരുന്നു. ഭൂമി സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്നുവെന്ന് പറഞ്ഞ ഗലീലിയോയെ പാശ്ചാത്യദേശത്ത് പീഡിപ്പിച്ചപ്പോള്‍ അതിനും സഹസ്രാബ്ദങ്ങള്‍ മുന്‍പ് ആ അറിവ് വേദമന്ത്രങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിരുന്നു. ഋഗ്വേദത്തിലെ മറ്റൊരു മന്ത്രത്തില്‍ സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണത്തെക്കുറിച്ച് പറഞ്ഞത് കാണുക. ‘സഞ്ചരിക്കാനുള്ള പാദഹസ്തങ്ങള്‍ ഇല്ലാതെതന്നെ, ഭൂമി സൂര്യനുചുറ്റും പ്രദക്ഷിണം ചെയ്യുന്നു.’ (ഋഗ്വേദം 10.22.14)

ഭുവനങ്ങളത്രയും നിയതമായി വര്‍ത്തിക്കുന്നത് സൂര്യന്റെ അസ്തിത്വവും ഗുരുത്വാകര്‍ഷണവും നിമിത്തമാണെന്ന് വേദങ്ങളിലും ബ്രാഹ്മണങ്ങളിലും വിവരിച്ചിട്ടുണ്ട്. പ്രാചീന ഋഗ്വേദ വ്യാഖ്യാനമായ ഐതരേയ ബ്രാഹ്മണത്തില്‍ ഇക്കാര്യം ഇങ്ങനെ പ്രസ്താവിച്ചു കാണുന്നു: ‘സൂര്യന്‍ ഒരിക്കലും ഉദിക്കുന്നോ അസ്തമിക്കുന്നോ ഇല്ല. സൂര്യാസ്തമനം എന്നത് ഭൂമിയുടെ എതിര്‍ദിശയിലുള്ള സഞ്ചാരത്തിന്റെ ഫലമാണ്. ഇത് മറിച്ചുവരുന്നത് ഉദയം. സൂര്യന്‍ ഉദിക്കുന്നെന്നും അസ്തമിക്കുന്നെന്നും തോന്നുന്നതേയുള്ളൂ.” (ഐതരേയ ബ്രാഹ്മണം 3.44).

ഭൂഗുരുത്വാകര്‍ഷണസിദ്ധാന്തം യൂറോപ്പില്‍ ആവിഷ്‌കരിക്കപ്പെടുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഭൂഗുരുത്വാകര്‍ഷണ ബലത്തിന്റെ സവിശേഷതകളക്കുറിച്ച് സിദ്ധാന്ത ശിരോമണി എന്ന ഗ്രന്ഥത്തില്‍ ഭാസ്‌കരാചാര്യന്‍ രണ്ടാമന്‍ എഴുതിയ പ്രസ്താവന ഇങ്ങനെ വായിക്കാം,
”ഈ ഭൂമിക്ക് ഒരു ആകൃഷ്ട ശക്തി – അഥവാ എല്ലാ സാധനങ്ങളും തന്നിലേക്ക് ആകര്‍ഷിച്ച് ചുറ്റും നിര്‍ത്താനുള്ള ശക്തിയുണ്ട്. അടുക്കുന്തോറും ഈ ശക്തി വര്‍ദ്ധിക്കുന്നു, അകലുംതോറും അത് കുറയുകയുംചെയ്യുന്നു.” ഈ ഗുരുത്വാകര്‍ഷണസിദ്ധാന്തത്തിന്റെ ആദിമൂലവും വേദങ്ങളില്‍ ദര്‍ശിക്കാം. കാണുക.

‘സൂര്യന്‍ സ്വന്തം അച്ചുതണ്ടില്‍ ഭ്രമണം ചെയ്തുകൊണ്ടുതന്നെ ഭൂമിയിലുള്ള മരണധര്‍മ്മികളായ ജീവജാലങ്ങളെ തന്റെ ആകര്‍ഷണശക്തിയാല്‍ സ്വസ്ഥാനങ്ങളില്‍ ധാരണം ചെയ്തിരിക്കുന്നു.’
(യജുര്‍വേദം 33.43)

‘ഹേ സൂര്യാ, നിന്റെ ആകര്‍ഷണശക്തിയാല്‍ സമസ്ത ഭുവനങ്ങളെയും നിയന്ത്രിച്ചു നിര്‍ത്തിയാലും’ (ഋഗ്വേദം 8.12.28)

ഇപ്രകാരം സൂര്യന്റെ ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണംകൊണ്ടും സ്വയമേവയുള്ള ഭ്രമണംകൊണ്ടും ഉണ്ടാവുന്ന കാലചക്രത്തെക്കുറിച്ച് വിവരിക്കുന്ന ഋഗ്വേദമന്ത്രം കാണുക:

‘ഇവിടെ തിരിഞ്ഞുകൊണ്ടിരിക്കുന്നത് ഒരു ചക്രം. അതിന് 12 അഴികളും 3 ചക്രനാഭികളുമുണ്ട്. ആരാണ് ഈ ചക്രത്തെ തിരിച്ചറിയുന്നത്? വളരെ കുറച്ചുപേര്‍ മാത്രം. 360 ആണികള്‍ സ്ഥാപിച്ചിട്ടുണ്ടതില്‍. അവയാകട്ടെ ചലിക്കാതെ ചലിക്കുന്നവയുമാണ്.’ (ഋഗ്വേദം 1.164.48)

ഇവിടെ അഴികള്‍ മാസങ്ങളും ചക്രനാഭികള്‍ ഋതുക്കളും ആണികള്‍ ദിവസങ്ങളുമാകുന്നു. ഇന്നു നാം ഗണിതശാസ്ത്രത്തില്‍ ഒരു ബിന്ദുവിനു ചുറ്റും 360 യൂണിറ്റ് വരുന്ന രീതിയിലാണ് ഡിഗ്രി എന്ന ഏകകത്തെ നിര്‍വചിച്ചിരിക്കുന്നത്. അതിന്റെ ആദിബീജമിരിക്കുന്നതും ഈ വേദമന്ത്രത്തില്‍ത്തന്നെയാണ്.
ഇനി ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രനെക്കുറിച്ച് വേദങ്ങളില്‍ പ്രതിപാദിച്ചത് ശ്രദ്ധിക്കാം.

ചന്ദ്രന്റെ നിലനില്‍പ് സൂര്യനെ ആധാരമാക്കിയാണെന്ന് അഥര്‍വത്തില്‍ പറയുന്നത് കാണാം. (അഥര്‍വം 14.1.1). ചന്ദ്രന്റെ പ്രകാശത്തിനു കാരണം സൂര്യരശ്മികളാണെന്ന ഈ ശാസ്ത്രസത്യത്തെ വളരെ ആലങ്കാരികമായാണ് ഋഗ്വേദത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. കാണുക.

‘ചന്ദ്രന്‍ വിവാഹിതനാകാന്‍ നിശ്ചയിച്ചു. രാത്രിയും പകലും ആ വിവാഹത്തിന് സന്നിഹിതരായി. സൂര്യന്‍ തന്റെ മകളായ സൂര്യരശ്മിയെ ചന്ദ്രനു നല്‍കി.’ (ഋഗ്വേദം 10.85.9)

അഥര്‍വത്തില്‍ പലതവണ ചന്ദ്രനെക്കുറിച്ചുള്ള പരാമര്‍ശം കാണാന്‍ കഴിയും. മറ്റൊരു ഉക്തി കാണുക. ‘പുതുതായി ജനിച്ച ഈ ചന്ദ്രന്‍ പുതുപുത്തനായി ഇരിക്കുന്നു. ഇത് ദിവസത്തിന്റെ ചിഹ്നവും പ്രഭാതത്തിനു മുന്‍പേ പോകുന്നതുമാണ്.”(അഥര്‍വം 14.1.74)

വൈദികസാഹിത്യത്തില്‍ നക്ഷത്രങ്ങളെക്കുറിച്ച് വിതറിയിട്ടിരിക്കുന്ന തത്ത്വങ്ങള്‍കൂടി പരിശോധിക്കാം. വേദങ്ങളില്‍ ഇരുപത്തെട്ടു നക്ഷത്രങ്ങളുടെ പേരുണ്ട്. ഇത് കാര്‍ത്തിക നക്ഷത്രത്തില്‍ തുടങ്ങി ഭരണിയിലവസാനിക്കുന്നു. ഇരുപതാമത്തെ നക്ഷത്രമാകട്ടെ അഭിജിത് ആണ്. ഇത് ഇന്നത്തെ ഗണനയില്‍ കാണുന്നില്ല. ഉത്രാടത്തിനും തിരുവോണത്തിനുമിടയ്ക്കാണ് അഭിജിത് വരുന്നത്. വൈദിക ജ്യോതിശ്ശാസ്ത്രത്തില്‍ നക്ഷത്രങ്ങളുടെ സ്വരൂപത്തെക്കുറിച്ച് പറയുന്നതു നോക്കാം. കൃഷ്ണയജുര്‍വേദത്തിന്റെ തൈത്തിരീയ ബ്രാഹ്മണം 2.7.18-ല്‍ ഇങ്ങനെ കാണുന്നു:

‘എത്ര നക്ഷത്രങ്ങളുണ്ടോ അവയെല്ലാം സൂര്യനെപ്പോലെ യോ അതിലധികമോ തേജസ്സുള്ളവയാണ്. എന്നാല്‍ അവയുടെ പ്രകാശം അല്ലെങ്കില്‍ ക്ഷത്രം ഇന്ദ്രന്‍ (സൂര്യന്‍) ഏറ്റെടുത്തിരിക്കുന്നു. അതിനാലവയ്ക്ക് പ്രകാശമില്ല എന്നായി. ഇതാണ് നക്ഷത്രങ്ങളുടെ നക്ഷത്രത്വം.’ ദൂരം നിമിത്തം നക്ഷത്രങ്ങള്‍ക്ക് പ്രകാശമില്ലെന്ന അവസ്ഥ നമുക്ക് തോന്നുന്നു. ഇതിന് സൂര്യനാണ് കാരണം. സൂര്യന്റെ പ്രകാശവുമായാണല്ലോ നാം ഇവയെ തുലനം ചെയ്യാറ്. സൂര്യനാകട്ടെ കരുത്തുറ്റ നക്ഷത്രമാണ്. അതിനാല്‍ സൂര്യനെപ്പോലെ പ്രകാശിക്കുന്നതല്ലാത്ത സൂര്യന്മാര്‍ എന്നര്‍ത്ഥത്തില്‍ നക്ഷത്രപദം പ്രയുക്തമായി.