Social (Malayalam)

മതതീവ്രവാദം: മാധ്യമങ്ങളും പക്ഷം പിടിക്കുന്നുവോ?

മതതീവ്രവാദം: മാധ്യമങ്ങളും പക്ഷം പിടിക്കുന്നുവോ?
ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് വാഷിങ്ടണില്‍ തിരിച്ചെത്തിയ ഒബാമ അവിടുത്തെ നാഷണല്‍ പ്രയര്‍ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗില്‍വെച്ച് വലിയൊരു കാര്യം പറഞ്ഞു. ഇന്ത്യയിലെ മതവര്‍ഗ്ഗീയത ഗാന്ധിജിയേയും ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ആ പ്രസ്താവന. അത് വിവാദത്തിലേക്ക് കടന്നപ്പോള്‍ മോദി മൗനം പാലിച്ചു. ആ പ്രസ്താവന ബി.ജെ.പിയെക്കുറിച്ചുള്ളതല്ലെന്നു വിശദീകരണമുണ്ടായി. പിന്നീട് അമേരിക്കന്‍ അധികൃതര്‍ രംഗത്തെത്തി. ഏതായാലും ഒബാമയുടെ പ്രസ്താവനയെ നമുക്ക് നേരായിത്തന്നെ എടുക്കാം. ഏതൊരു രാജ്യത്തിന്റെയും വികസനത്തിന് മതതീവ്രവാദം വലിയ തലവേദനസൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സനാതനവൈദികധര്‍മ്മം സര്‍വമതങ്ങളേയും സഹോദരത്വേന കണ്ടിരുന്ന ഒന്നാണ്. ഇപ്പോഴും അത് അങ്ങനെതന്നെയാണ്. അതിലെ ഭൂരിപക്ഷംപേരും അങ്ങനെതന്നെയാണു താനും. ഏതാനും ചിലര്‍ അല്ലാത്തവരും ഉണ്ടാകും.
ഇസ്ലാമോഫോബിയ: മതചിഹ്നങ്ങള്‍ ധരിച്ചാല്‍ ഒരാള്‍ തീവ്രവാദിയാകുമോ?
സപ്തംബര്‍ 11 നുശേഷം പുതിയൊരു രോഗം ബ്രിട്ടനിലും അമേരിക്കയിലും പടര്‍ന്നുപിടിച്ചിരിക്കുന്നു. ആ രോഗത്തിന്റെ പേരാണ് ഇസ്ലാമോഫോബിയ. ഇവിടെ ഫോബിയ എന്നതിന് എവേര്‍ഷന്‍ അഥവാ വെറുപ്പെന്നാണ് അര്‍ത്ഥം. എല്ലാ മുസ്ലീംങ്ങളും എതിര്‍ക്കപ്പെടേണ്ടവരല്ല. എന്നാല്‍ അതൊരു ഫോബിയയായി മാറുന്നു. അങ്ങനെ 1996 ല്‍ സ്ഥാപിച്ച ‘Commission on British Muslims and Islamophobia” വലിയ കാര്യങ്ങളാണ് കണ്ടെത്തിയത്. ഇതിന്റെ ചെയര്‍മാന്‍ ഗോര്‍ഡണ്‍ കോണ്‍വെ യൂണിവേഴിസിറ്റി ഓഫ് സസക്‌സിന്റെ വൈസ് ചാന്‍സിലര്‍ കൂടിയാണ്. ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് കാണുക.’Islamo phobia : A challenge for us all’. ഈ ഫോബിയ ഇന്ന് യൂറോപ്പിലും അമേരിക്കയിലും പടര്‍ന്നു പിടിക്കുകയാണ്.
അമേരിക്കയില്‍ ഈ രോഗം കാരണം ഈയ്യിടെ മുന്ന് മുസ്ലീം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കരോലിനാ സര്‍വ്വകലാശാല കോംപ്ലക്‌സില്‍ ക്രെയ്ഗ് സ്റ്റീഫന്‍ ഹിക്‌സിന്റെ വെടിയേറ്റാണ് ഈ മൂന്ന് വിദ്യാര്‍ത്ഥികളും മരിച്ചത്. അയല്‍പക്ക തര്‍ക്കമെന്നതിലുപരി അതൊരു ഇസ്ലാമോഫോബിയ ആയിരുന്നു. അമേരിക്കയില്‍ തന്നെ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ നടന്ന വിവേചനവും വാര്‍ത്തയായിരുന്നു. പക്ഷേ ഈ കാര്യങ്ങള്‍ക്കൊക്കെ ഇവിടെ എന്തു ബന്ധമെന്നുകരുതുന്നുണ്ടാവും.
മീഡിയകളെ തുറന്നുകാണിക്കുന്ന സോഷ്യല്‍ മീഡിയ
വികസനം ലക്ഷ്യമാക്കുന്ന ആധുനിക ഇന്ത്യയില്‍ മതസ്പര്‍ദ്ധയും വിവേചനവും പെരുകുന്നുവെന്നു വാര്‍ത്ത വരാനിരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് സൈര്വം നല്കുന്ന ഒന്നാണെന്ന് തോന്നുന്നില്ല. കൂടാതെ സാമൂഹിക റിപ്പോര്‍ട്ടിഗും ഇതോടൊത്ത് ചേര്‍ത്തുവെച്ച് പഠിക്കേണ്ടതാണെന്നും തോന്നുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ഏത് അക്രമണങ്ങളേയും പക്ഷപാതപരമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയാല്‍ ബഹുസാമാന്യമായ ജനങ്ങളുടെ ഇടയില്‍ സൂക്ഷ്മമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുമെന്ന് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. കാരണം ഇന്ന് പ്രിന്റ്, ടി.വി മാധ്യങ്ങള്‍ക്ക് ഉപരിയായ ചില മീഡിയകള്‍ കൂടിയുണ്ട്. സോഷ്യല്‍ മീഡിയയുടെ പ്രഭാവം അരങ്ങുതകര്‍ക്കുകയാണെന്ന് മീഡിയാ പ്രവര്‍ത്തകര്‍ അറിയണം. എല്ലാവരുടേയും കയ്യില്‍ ക്യാമറയുണ്ട് കമ്പോസ് ചെയ്യാന്‍ കീബോര്‍ഡുണ്ട്;സാമാന്യബോധവും നല്ലോണമുണ്ട്. അപ്പോള്‍ നിക്ഷിപ്ത താല്പര്യത്തോടെ റിപ്പോര്‍ട്ടിംഗ് നടത്തിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമറിയാന്‍ കഴിയുന്നവരാണ് സമൂഹത്തിലുള്ളത്. ഈ റിപ്പോര്‍ട്ടിങ് സാധാരണക്കാരില്‍ വൈകാരിക പ്രക്ഷുബ്ധമുണ്ടാക്കുമെന്നത് ഒരു ഘടകമാണെങ്കില്‍ അല്പം ചിന്താശേഷിയുള്ളവരില്‍ മാധ്യമങ്ങള്‍ സ്വയം അഭിമാനിക്കുന്ന  അവരുടെ വിശ്വസനീയത തകരുമെന്നുകൂടി മനസ്സിലാക്കണം.
‘നിക്ഷിപ്ത താല്പര്യ’മെന്ന പദത്തേക്കാള്‍ ഇവിടെ ഏറെ ചേരുക പക്ഷപാതപരമായ വാര്‍ത്ത തയ്യാറാക്കല്‍ എന്നായിരിക്കുമെന്നു തോന്നുന്നു. അതിന്ന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഡല്‍ഹിയിലെ ഹോളിചൈല്‍ഡ് ഓക്‌സിലിയത്തില്‍ 2015 ഫിബ്രവരി 13 ന് കള്ളന്‍ കയറിയ സംഭവമാണ്; കള്ളന്‍ സിസി ടിവി കേബിള്‍ മുറിച്ചു, 8000 രൂപ അപഹരിച്ചു. ഇതൊരു മോഷണമാണെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ഭാസി പറയുന്നു. മാത്രമല്ല ഡല്‍ഹി ആര്‍ച്ച് സിയോസിസ് മെമ്പറായ ഫാദര്‍ മാത്യു കോയിക്കലും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇതൊന്നുമറിയാത്തതുപോലെ മുഖ്യധാരാ പത്രങ്ങള്‍ കൊടുത്ത വാര്‍ത്ത എന്താണ്? ‘Christian school vandalized, will Modi answer such religious atrocities?” എന്നിങ്ങനെയായിരുന്നു മാധ്യമവിചാരണകള്‍. ഒരു ക്രിസ്ത്യന്‍ സ്‌കൂള്‍ എന്ന നിലയില്‍ ആക്രമിക്കപ്പെട്ടതാണ് ഈ സ്‌കൂളെങ്കില്‍ തീര്‍ച്ചയായും അത് ചര്‍ച്ച ചെയ്യപ്പെടണം.
അന്ന്, ക്ഷേത്രങ്ങള്‍ കത്തിയമര്‍ന്നപ്പോള്‍…
കേരളത്തില്‍ എത്രയോ ക്ഷേത്രങ്ങളുടെ ഭണ്ഡാരം മോഷണശ്രമങ്ങളുടെ ഭാഗമായി കുത്തിത്തുറക്കപ്പെട്ടിട്ടുണ്ട്. എത്രയോ ക്ഷേത്രങ്ങളുടെ ശ്രീകോവില്‍വാതിലുകള്‍ കത്തിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങള്‍തന്നെ കത്തി അമര്‍ന്നിട്ടുണ്ട്. എന്നാല്‍ അവയൊന്നും കോലാഹലമുണ്ടാക്കാതെ നാം വൃത്തിയായി തമസ്‌കരിച്ചിട്ടുമുണ്ട്. മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ ചമ്രവട്ടം അയ്യപ്പക്ഷേത്രം കത്തിയമര്‍ന്നത് രണ്ടുവര്‍ഷം മുന്‍പാണ്. അത് നാം വലിയൊരു ആഘോഷമായികൊണ്ടാടിയിരുന്നെങ്കില്‍? ദേശീയ പത്രങ്ങളിലും ടി വി മാധ്യമങ്ങളിലും വലിയ വാര്‍ത്തകളാക്കിയിരുന്നുവെങ്കില്‍? തദനുസൃതമായി ഇവിടുത്തെ മീഡിയകള്‍ രാത്രിചര്‍ച്ചയ്ക്ക് അതിനെ ഉപയോഗിച്ചിരുന്നുവെങ്കില്‍? മലപ്പുറത്തെ ഹിന്ദു ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുവെന്നും മറ്റും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ?
കേരള ഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് അങ്ങാടിപ്പുറം തളിക്ഷേത്രം പുനരുദ്ധരിക്കപ്പെട്ടത്. അതിന്റെ ഗോപുരവാതില്‍, മനഃപൂര്‍വ്വം, കത്തുമെന്ന് ഉറപ്പുള്ള പദാര്‍ത്ഥങ്ങള്‍ കൊണ്ടിട്ട് ഈയടുത്ത കാലത്ത് തീയിട്ടു. അന്ന് ആദ്യം അവിടെ ഓടിയെത്തിയത് ജനാബ് പാണക്കാട് തങ്ങളായിരുന്നുവെന്നാണ് ഓര്‍മ. നോക്കൂ, അതിന്റെ പേരില്‍ മലപ്പുറത്തെ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്ന രീതിയില്‍ വ്യാപകമായ മാധ്യമപ്രചരണം ഉണ്ടായിരുന്നെങ്കില്‍!
എന്നാല്‍ ആവിധ കോലാഹലങ്ങളൊന്നും ഉണ്ടായില്ല. എല്ലാം ഭദ്രമായിരുന്നു. എന്നാല്‍ ഈ കാണുന്ന നീതി ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സ്‌കൂളിലെ മോഷണശ്രമത്തെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നാം എന്തുകൊണ്ട് സ്വീകരിക്കുന്നില്ല? റോയിട്ടറിന്റെ റിപ്പോര്‍ട്ടിംഗ് ശൈലി കാണുക: ”Prime Minister Modi on Friday Summoned Delhi Police Commissioner after six attack on Christian Building in the capital in the last two months” എന്നായിരുന്നു ആ വിശകലനം. മോഷ്ടിക്കപ്പെടുന്നവന്റെ മതം നോക്കിയാണോ നാം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്? കേരളത്തിന്റെ ചരിത്രം നാം പഠിച്ചാല്‍ ഇവിടെ നടന്ന വിഗ്രഹമോഷണങ്ങള്‍ക്ക് വല്ല കയ്യും കണക്കുമുണ്ടോ? അതൊക്കെ നാം ക്ഷേത്രകൈയേറ്റവും ഹിന്ദുമതവികാരമുണര്‍ത്തലുമൊക്കെയായി ചിത്രീകരിക്കാന്‍ തുടങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കും? 1950ല്‍ ശബരിമല ക്ഷേത്രം കത്തിയ കേസിന്റെ റിപ്പോര്‍ട്ട് കേരള സര്‍ക്കാറിന്റെ വെബ്‌സൈറ്റിലുണ്ട്. അന്ന് കേസ് അന്വേഷിച്ചത് DIG കേശവമേനോനായിരുന്നു. ഇന്റര്‍നെറ്റില്‍ അത് പൂര്‍ണരൂപത്തില്‍ കിട്ടും. അന്യമതക്കാര്‍ക്ക് ഈ കാര്യത്തിലുള്ള പങ്ക് വ്യക്തമായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ അന്നത്തെ മാധ്യമങ്ങള്‍ ഇന്ന് കാണുന്ന വിധത്തിലുള്ള കോലാഹലങ്ങളൊന്നും ഉണ്ടാക്കിയില്ല. രണ്ടു വര്‍ഷം മുന്‍പ് നൂറില്‍പരം ഭക്തര്‍ ശബരിമലയില്‍ അപകടത്തില്‍ മരിച്ചു. അതിന്റെ അന്വേഷണത്തെക്കുറിച്ചും മറ്റുമുള്ള ഫോളോഅപ്പുകള്‍ നമ്മുടെ മീഡിയകളില്‍ എത്ര തവണ ചര്‍ച്ചയ്ക്കായി വന്നു?
ചൈനയില്‍ മതവിദ്വേഷത്തിന്റെ പുതിയമുഖം
ആരെങ്കിലുമൊക്കെ ഇതൊക്കെ കാണുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചുപോയാല്‍, നമ്മുടെ റിപ്പോര്‍ട്ടിംഗില്‍ പക്ഷപാതമുണ്ടാകുന്നില്ലേയെന്ന് തോന്നിപ്പോയാല്‍, അതിനെ കുറ്റംപറയാനാകുമോ? ഇവിടുത്തെ മുഖ്യധാരാപത്രങ്ങളില്‍ കാണാത്ത ഒരു ചിത്രം സോഷ്യല്‍ സൈറ്റുകളില്‍ ഈയിടെ ആഘോഷിക്കുന്നുണ്ട്. ചൈനയിലെ സിംഗ് ജിയാംഗ് പ്രവിശ്യയില്‍ ഇമാമുമാരെക്കൊണ്ട് ചൈന നൃത്തം ചവിട്ടിക്കുന്ന ചിത്രം. നമ്മുടെ മീഡിയകള്‍ വിവരം തന്നെ അറിഞ്ഞില്ല. ഇസ്‌ലാമോഫോബിയയുടെ മറ്റൊരു മുഖമാണ് ചൈനയില്‍ കണ്ടതെന്നറിയിക്കാനെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്യേണ്ടേ? ഈ ചെയ്തിയ്ക്ക് പാകിസ്ഥാനില്‍ പകരം വീട്ടിയത്രെ. അവിടെ സിന്ധ് പ്രവിശ്യയില്‍ ഈ കാര്യമൊന്നുമറിയാത്ത ആറ് ഹിന്ദുക്കള്‍ ഇതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടു. (Ref: Shahafat.in). മറ്റൊന്ന് സൗദിയില്‍ ജൂതന്മാര്‍ ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതാണ്. ഇതൊക്കെ അറിയുമ്പോള്‍ നമുക്കെന്താണ് തോന്നുക?
ഇനി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോയ ഒരു പ്രസ്താവന കൂടി കേള്‍ക്കുക: ”ബലാത്സംഗം ചെയ്യപ്പെട്ടാലും തങ്ങള്‍ അതിനെ ഗൗനിക്കുന്നില്ലായെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതെന്ന് സൗദി ചരിത്രകാരനായ ഡോ. സാലിഹ്അല്‍സദൂന്‍” (independent Co. vk) പറഞ്ഞു. ചിരിച്ച് ചിരിച്ച് മണ്ണുകപ്പുന്ന ഇത്തരം പ്രസ്താവനകള്‍ നാട്ടിലൂടെ തലങ്ങും വിലങ്ങും ഓടുമ്പോള്‍ കേരളത്തില്‍ സദാചാരപോലീസിനെക്കൊണ്ട് മടുത്തു. ഒന്നു ചുംബിക്കാന്‍പോലും ഇവര്‍ സമ്മതിക്കുന്നില്ലെന്നേ!
വികസനത്തിന് വിലങ്ങുതടി
ഇതെല്ലാം വായിച്ചറിയുന്നവര്‍ക്ക് ഇന്ത്യയിലെ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. തുടര്‍ന്ന് നമ്മുടെ മാധ്യമങ്ങളിലേക്ക് കണ്ണുപായിക്കാം. ഒടുവില്‍ നാമെത്തുന്നത് എവിടെയാണ്? നമ്മുടെ ലക്ഷ്യം വികസനമാണെങ്കില്‍ അതില്‍ ശ്രദ്ധയൂന്നാം. മതസ്പര്‍ദ്ധകളില്‍ നമുക്ക് നഷ്ടപ്പെടുന്നത് മനുഷ്യവിഭവശേഷിയെന്ന കനത്ത നിധിയാണ്. നമ്മുടെ ശാസ്ത്രജ്ഞരേയും, ഗായകരേയും നടന്മാരേയും രാഷ്ട്രതന്ത്രജ്ഞരേയും മതത്തിന്റെ പേരില്‍ മാറ്റിനിറുത്തിയാല്‍ നമ്മുടെ അവസ്ഥ എന്താകും?
മനുഷ്യന്റെ വൈകാരികവും വൈചാരികവുമായ തലങ്ങളില്‍ മതബോധം ഉണ്ടാകാം. അത് പിന്തുടരുകയുമാകാം. അതിലുപരിയായി മതസ്പര്‍ദ്ധയിലേക്കും തീവ്രവാദത്തിലേക്കും നയിക്കുന്ന വാര്‍ത്താശകലങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അതു തുടര്‍ചര്‍ച്ചയായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഒന്നുമറിയാത്ത നിരവധി മസ്തിഷ്‌കങ്ങളില്‍ വിദ്വേഷത്തിന്റേയും വൈരത്തിന്റേയും കനലുകള്‍ക്ക് നാം വിത്തുപാകുകയാണെന്ന് അറിയണം. കലാപകാരികള്‍ക്ക് സ്വാര്‍ത്ഥതകളുണ്ട്. ഓരോ വ്യക്തിയുടേയും ആരാധനാസ്വാതന്ത്ര്യത്തിലേക്ക് അനാവശ്യമായി എത്തിനോക്കി കാലുഷ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതു നാം തിരിച്ചറിയേണ്ടതാണ്. മറിച്ച് ‘മതേതരത്വ’ത്തിന്റേയും ബഹുസ്വരതയുടേയും കുടപിടിച്ച് ആരെയും പ്രീണിപ്പിക്കാനല്ല നാം ശ്രമിക്കേണ്ടത്. വേദാദിശാസ്ത്രങ്ങളെ അവഹേളിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍, പുണ്യപുരുഷന്മാരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കല്‍, ന്യൂനപക്ഷ ഭൂരിപക്ഷ ആരാധനാലയങ്ങളില്‍ നടക്കുന്ന മോഷണങ്ങളും മറ്റും പെരുപ്പിച്ച് കാട്ടല്‍ തുടങ്ങിയവ മാധ്യമങ്ങള്‍ ഏറ്റെടുത്താല്‍ അത് ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതയ്ക്ക് വിത്തുപാകില്ലേയെന്ന് മാധ്യമങ്ങള്‍ ചിന്തിക്കേണ്ടതാണ്.
മതാധിഷ്ഠിതരാജ്യമായ പാകിസ്ഥാന്റെ വികസനം നമുക്കറിയാവുന്നതാണ്. ‘മതവിദ്വേഷത്തെ രാഷ്ട്രത്തിന്റെ പൊതുനയമായി അംഗീകരിക്കണമെന്നാ’ണ് ജനറല്‍ മുഷറഫ് കഴിഞ്ഞ ദിവസം പറഞ്ഞത് (Vide Ref: ISI Cultivated Taliban to Counter Indian action against Pakistan). ആ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥ നാം കാണുക. നമ്മുടെ ഇന്ത്യയില്‍ സുധീരമായ വികസനത്തിന് നാം ഊന്നല്‍ നല്കുന്നുവെങ്കില്‍ സമസ്ത വിവേചനങ്ങള്‍ക്കും നാം അറുതി നല്കണമെന്ന് തീര്‍ച്ച.