Articles, Social (Malayalam)

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം മൂന്ന്‌

3. വ്രതപാലനത്തിന് 41 ദിനങ്ങള്‍ എന്തിന് ?
മണ്ഡലകാലം 41 ദിവസമാണ്. എന്താണീ 41 ന്റെ പ്രത്യേകത? അതെന്തുകൊണ്ട് മണ്ഡലകാല വ്രതം 41 ദിവസമായി? വളരെ ഗൗരവത്തോടുകൂടി വേണം ഇത്തരം വിഷയങ്ങളെ സമീപിക്കാന്‍. ഭാരതത്തിലെ വ്രതങ്ങളിലും ഉത്സവങ്ങളിലും ആചാരങ്ങളിലും കൃത്യമായ ജ്യോതിശാസ്ത്രത്തിന്റെ പങ്കുണ്ട്. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടു കൊണ്ടാണ് എല്ലാ വിധത്തിലുളള ഉത്സവങ്ങളും ആചാരങ്ങളും ഇവിടെ നടന്നുപോരുന്നത്. ജ്യോതിശാസ്ത്രത്തെ വേണ്ട രീതിയില്‍ പരിഗണിച്ച് കൊണ്ടേ ആചാരങ്ങളേക്കുറിച്ചുള്ള പഠനം മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കുകയുള്ളൂ.
ഇനി എന്താണ് ഈ 41ന്റെ പ്രത്യേകതയെന്ന് നോക്കാം. ഭാരതത്തില്‍ രണ്ടു തരത്തിലുള്ള കലണ്ടറുകളുണ്ട്, ഒന്ന് സൗരവര്‍ഷം. ഇത് 365 ദിവസമാണ്. ചാന്ദ്രവര്‍ഷം എന്ന് പറയുന്ന ഒരു വാര്‍ഷിക കാലഗണന കൂടി ഇവിടെ ഉണ്ടായിരുന്നു. അത് 27 നക്ഷത്രങ്ങളെ 12 മാസം കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യ നോക്കുക. 324 ആയിരിക്കും ആ സംഖ്യ. ഈ സംഖ്യ 365 ദിവസങ്ങള്‍ അടങ്ങുന്ന സൗരവര്‍ഷത്തില്‍ നിന്ന് കുറച്ച് നോക്കുക; കിട്ടുന്ന സംഖ്യ 41 ആയിരിക്കും. അപ്പോള്‍ സൗരവര്‍ഷവും ചാന്ദ്രവര്‍ഷവും രണ്ട് വര്‍ഷങ്ങള്‍ ഈ നാട്ടില്‍ നടപ്പിലായിട്ടുണ്ട്. ഒരു സാധകന്‍ മുന്നോട്ടു പോകുന്നതിന് അനുസരിച്ച് സൗരവര്‍ഷത്തിന്റെയും ചാന്ദ്രവര്‍ഷത്തിന്റെയും ഇടയില്‍ വരുന്ന 41 ദിവസത്തെ എങ്ങനെയാണ് പരിഗണിക്കേണ്ടത് എന്നൊരു ചോദ്യം ഉയര്‍ന്നുവരും. ഈ 41 ദിവസം സൗരചാന്ദ്രവര്‍ഷങ്ങളുടെ ഇടയിലുള്ള സമയമായതുകൊണ്ട് ഒരു വൃത്തം ഉപയോഗിച്ചുവേണം ഇതിനെ പരസ്പരം യോജിപ്പിക്കാന്‍. അതാണ് 41 ദിവസങ്ങള്‍. വൃത്തം എന്ന് പറയുന്നത് മണ്ഡലമാണ്, ഇതാണ് മണ്ഡല വ്രതമായ 41 ദിവസം. ഋഗ്വേദത്തിലെ ഒരു മന്ത്രമിങ്ങനെയാണ്,
സ്വസ്തി പന്ഥാമനു ചരേമ സൂര്യാചന്ദ്രമസാവിവ. 
പുനര്ദദതാഘ്‌നതാ ജാനതാ സം ഗമേമഹി.
(ഋഗ്വേദം 5. 51.15)
അര്‍ഥം: സൂര്യചന്ദ്രന്മാരേപ്പോലെ ഞാനും ധര്‍മ്മവഴിയില്‍ സഞ്ചരിക്കട്ടെ. ആ സൂര്യചന്ദ്രന്മാരേപ്പോലെ ഇളകാതെ വ്രതത്തെ പാലിക്കുന്നവരുമായി സഖ്യമുണ്ടാകട്ടെ.
സൂര്യന്റെ വ്രതസംഖ്യയായ 365 ല്‍ നിന്നും ചന്ദ്രന്റെ വ്രതസംഖ്യയായ 324 കുറച്ചാല്‍ അവശേഷിക്കുന്ന 41 ദിവസങ്ങള്‍ ഓരോ അയ്യപ്പനും തങ്ങളുടെ വ്രതം പൂര്‍ത്തിയാക്കാനുള്ള കാലമായി കൊണ്ടാടുന്നു. ഋഗ്വേദമന്ത്രം പറയും പ്രകാരം അങ്ങനെ ഓരോ അയ്യപ്പനും സൂര്യചന്ദ്രന്മാരെപ്പോലെ ധര്‍മ്മവഴിയില്‍ സഞ്ചരിക്കുന്നു.
ഇതിന് മറ്റൊരു പ്രതേ്യകത കൂടി ഉണ്ട്. അത് ആയുര്‍വ്വേദ ആചാര്യന്‍മാരുടെ കണക്ക് അനുസരിച്ചാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാകട്ടെ ജീവിതചര്യയാകട്ടെ, സമ്പ്രദായമാകട്ടെ. ഫലവത്തായി മനുഷ്യശരീരത്തിലും മനസ്സിലും ബുദ്ധിയിലും മാറ്റം വരുത്തണമെങ്കില്‍ 41 ദിവസം എടുക്കും. ഇങ്ങനെ നോക്കിക്കഴിഞ്ഞാല്‍ 41 എന്ന് പറയുന്ന സംഖ്യക്ക് ഒരു സാധകനെ, തപസ്വിയെ ഒരു അയ്യപ്പനായി വളര്‍ത്തി സ്വാമിയാക്കി അയാളിലുള്ള ശാരീരികവും മാനസികവും ബൗദ്ധികവും ആയ മാറ്റം പൂര്‍ണ്ണമാകുന്നതിന് 41 ദിവസത്തെ വ്രതം ആവശ്യമാണ്.
സാധന അഥവാ തപസ്സ് എല്ലാ ദിവസവും അനുഷ്ഠിക്കേണ്ടതാണ്. എന്നാല്‍ കാലാന്തരത്തില്‍ സാധനയില്‍ പലപ്പോഴും ചെറിയ ചെറിയ തടസ്സങ്ങള്‍ അനുഭവപ്പെടും. അങ്ങനെ തടസ്സം രൂപപ്പെടുമ്പോള്‍ അത് പരിഹരിക്കുന്നതിനു വേണ്ടിയാണ് കാലാകാലങ്ങളില്‍ വിദ്യാരംഭത്തിന് വേണ്ടി നവരാത്രി എന്ന ഒരു ഉത്സവകാലം കൊണ്ടാടുന്നത്. വിഷു എന്ന് പറയുന്ന മറ്റൊരു ഉത്സവം നമുക്ക് മുന്നോട്ടു വെക്കാനുണ്ട്. ഇവിടെ 41 ദിവസമെന്ന മണ്ഡലം ഒരു വൃത്തത്തെ പൂര്‍ത്തീകരിക്കുന്ന സാധനയുടെ കൃത്യമായ സമയമാണ്. ഇവിടെ സാധനയുടെ സമയക്രമമുണ്ടായി. അതോടൊപ്പം ആഹാര നീഹാരവിഹാരങ്ങള്‍ കൊണ്ട് ഒരു അയ്യപ്പന് സ്വന്തം ശരീരത്തില്‍ ക്രമാനുഗതമായ മാറ്റം ഉണ്ടാക്കാന്‍ പ്രാപ്തിയുള്ള സമയചക്രം കൂടിയാണ് 41 ദിവസം.