Articles, Social (Malayalam)

സല്‍സന്താനത്തെ ലഭിക്കുവാന്‍ കാളയിറച്ചിയോ?

ഹിന്ദുക്കള്‍ പ്രാചീനകാലത്ത് കാളയിറച്ചിക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നുവെന്നും അതിനെക്കുറിച്ച് വേദങ്ങളിലും ഉപനിഷത്തുക്കളിലും വിവരിക്കുന്നുണ്ടെന്നും കാണിച്ച് ചില സന്ദേശങ്ങള്‍ സാമൂഹ്യ മാദ്ധ്യമ ങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നൂറുകണക്കിന് സന്ദേശങ്ങളാണ് എനിക്ക് പലരും അയച്ചുതന്ന് അവരുടെ ആശങ്കകള്‍ പങ്കുവെക്കുന്നത്. വേദാദി ശാസ്ത്രങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ക്ക് പകരം നിലവാരം കുറഞ്ഞ വിവര്‍ത്തന പുസ്തകങ്ങളെ മലര്‍ത്തിക്കാണിച്ചാണ് ഋഷിമാര്‍ക്ക് കാളയിറച്ചി ഇഷ്ടഭോജ്യമായിരുന്നുവെന്നും മറ്റും തട്ടിവിടുന്നത്. ബൃഹദാരണ്യകോപനിഷത്താണ് ഇപ്പോള്‍ ഒരുകൂട്ടം ആളുകള്‍ ഇതിനായി ആയുധമാക്കുന്നത്. ബൃഹദാരണ്യകത്തില്‍ സല്‍സന്താനത്തെ കിട്ടാന്‍ കാളയിറച്ചി കഴിക്കണമെന്ന് ഉപദേശിച്ചുവത്രേ. എന്താണ് ഇതിന്റെ യാഥാര്‍ഥ്യമെന്ന് നമുക്കൊന്ന് പരിശോധിച്ചുനോക്കാം.

ഈ വാദം ആദ്യമായി ഉന്നയിക്കുന്നത് 19-ാം നൂറ്റാണ്ടിലെ ഇന്‍ഡോളജിസ്റ്റായിരുന്ന രാജേന്ദ്രലാല്‍ മിത്രയാണ്. മിത്ര തന്റെ Beef in Ancient India എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഈ ബൃഹദാരണ്യകോപനിഷത് ശ്ലോകത്തിന് (6.4.18) നല്‍കിയ അര്‍ഥം ‘നാലു വേദങ്ങളും ഗ്രഹിക്കാന്‍ പ്രാപ്തിയുള്ള, ദീര്‍ഘായുസ്സുള്ള പുത്രനെ ലഭിക്കാന്‍ ദമ്പതികള്‍ ചോറും വെണ്ണയും കൂടെ പ്രായപൂര്‍ത്തിയായതോ പ്രായം ചെന്നതോ ആയ കാളയുടെ മാംസവും കഴിക്കണം’ എന്നാണ്. എന്താണ് സത്യം എന്നു നോക്കാം.

ഇതേ ബൃഹദാരണ്യകോപനിഷത്തില്‍ ഇതേ അധ്യായത്തില്‍ ഇതേ ബ്രാഹ്മണത്തിലെ ഒന്നാംമന്ത്രത്തില്‍ പുരുഷബീജത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇതിലെവിടെയും മാംസാഹാരമെന്ന കാര്യമേ വരുന്നില്ല. മറിച്ച് ഫലങ്ങളുടെ ഉപഭോഗമാണ് ഉത്തമമായ ബീജോല്പാദനത്തിന് കാരണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍പ്പിന്നെ മാംസം ഉപയോഗിച്ച് ഉത്തമബീജോല്പാദനം സാധ്യമാകുന്നു എന്ന മിത്രയുടെ പ്രസ്താവന എങ്ങനെ ശരിയാകും? സത്യമറിയാന്‍ വിവാദപരമായ ബൃഹദാരണ്യകോപനിഷത് ശ്ലോകത്തിലേക്കുതന്നെ പോകാം.
അവിടെ അഭിപ്രായവ്യത്യാസമുള്ള പദങ്ങള്‍ മൂന്നെണ്ണമാണ്. അവയും അവയ്ക്ക് മിത്ര കൊടുക്കുന്ന അര്‍ഥവും കാണുക. 1. മാംസൗദനം- boiled rice and meat, 2. ഔക്ഷേണ – meat of a full-grown bull, 3. ആര്‍ഷഭേണ -meat of an old bull.

ഇംഗ്ലീഷില്‍ ”‘flesh’ ‘ എന്നതിന് ‘meat’ എന്ന് മാത്രമല്ല അര്‍ഥമുള്ളത്. Oxford English Dictionaryയില്‍ flesh’എന്നതിന്”‘The edible pulpy part of a fruit or vegetable’എന്ന അര്‍ഥവും കാണാം. അതുപോലെതന്നെ ‘മാംസം’ എന്ന സംസ്‌കൃത പദത്തിന് മോണിയര്‍ വില്യംസിന്റെ Sanskrit-English Dictionaryയില്‍ ‘fleshy portion or pulp of a fruit’ എന്ന അര്‍ഥവും കാണാം. ‘മാംസം’ എന്നതിന് ഇതില്‍ ഏതര്‍ഥം സ്വീകരിക്കുമെന്നത് മറ്റു രണ്ട് പദങ്ങളുടെ (ഔക്ഷ-ആര്‍ഷഭ ശബ്ദങ്ങളുടെ) അര്‍ഥമനുസരിച്ചിരിക്കും. അതെന്താണെന്ന് നോക്കാം.
1) ‘ഔക്ഷേണ’ എന്നത് ഉക്ഷശബ്ദത്തില്‍നിന്നുണ്ടായതാണ്. ഉക്ഷശബ്ദത്തിന് മോണിയര്‍ വില്യംസ് കൊടുത്ത അര്‍ഥങ്ങള്‍i) a bull (as impregnating the flock), (ii) name of ‘Soma’ (as sprinkling or scattering small drops), (iii) One of the eight chief medicament’s എന്നെല്ലാമാണ്.
2) ‘ആര്‍ഷഭേണ’ എന്നത് ‘ഋഷഭ’ശബ്ദത്തില്‍ നിന്നുണ്ടായതാണ്. ‘ഋഷഭ’യ്ക്ക് മോണിയര്‍ വില്യംസ് കൊടുത്ത അര്‍ഥവും കാണുക: (i) a bull (as impregnating the flock), (ii) a kind of medical plant (susruta, Bhava-Prakasa), (iii) Carpopogon Pruriens (Caraka).

ബൃഹദാരണ്യക ഉപനിഷത്ത് 6.4.18-ല്‍ അവസാന ഭാഗത്ത് ‘ഔക്ഷേണ വാര്‍ഷഭേണ വാ’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ‘ഉക്ഷത്തില്‍നിന്നുള്ളതോ ഋഷഭത്തില്‍നിന്നുള്ളതോ’ എന്നര്‍ഥം. ഉക്ഷ-ഋഷഭശബ്ദങ്ങള്‍ക്ക് മോണിയര്‍ വില്യംസ് കൊടുത്ത ആദ്യ അര്‍ഥം സമാനമാണ് (a bull) ആ അര്‍ഥം സ്വീകരിച്ച് ‘ഔക്ഷേണ വാര്‍ഷഭേണവാ’ എന്നതിനെ വിവര്‍ത്തനം ചെയ്താല്‍ ‘കാളയില്‍നിന്നുള്ളതോ അല്ലെങ്കില്‍ കാളയില്‍നിന്നുള്ളതോ’ എന്ന് നിരര്‍ഥകമായിപ്പോകും. എന്നാല്‍ മിത്ര ഒരു പ്രമാണവുമില്ലാതെ അവിടെ പ്രായവിവേചനം കൊണ്ടുവന്ന് തനിക്കു തോന്നിയപോലെ അര്‍ഥം പറഞ്ഞതായി കാണാം(‘ a full grown old bull’). ഇതിനു കാരണം മറ്റൊന്നാണ്.

സംസ്‌കൃതത്തില്‍ വേണ്ടുവോളം അവഗാഹം ഇല്ലാത്തതുകൊണ്ടുതന്നെ മിത്ര ബൃഹദാരണ്യകോപനിഷത്തിന്റെ ശാങ്കരഭാഷ്യത്തെ ആശ്രയിക്കുകയാണ് ചെയ്തത്. എന്നാല്‍ അവിടെ ശങ്കരാചാര്യര്‍ ഉപേക്ഷിച്ച കുരുക്ക് കാണാന്‍ മിത്രയ്ക്കായതുമില്ല.

‘ഉക്ഷ’, ‘ഋഷഭ’ എന്നുതന്നെ എഴുതുകയല്ലാതെ അത് കാളയാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നൊന്നും ശങ്കരാചാര്യര്‍ തന്റെ ഭാഷ്യത്തില്‍ പറഞ്ഞിട്ടില്ല. ബൃഹദാരണ്യകശ്ലോകത്തിലില്ലാത്ത, ‘തതഃ അപി അധികവയഃ’ എന്ന തന്റെ പ്രയോഗത്തിന്റെയും യഥാര്‍ഥ അര്‍ഥമെന്തെന്ന് (വയഃ എന്നതിന് പ്രായം എന്നുള്ള ഒരര്‍ഥം മാത്രമല്ല ഉള്ളത്) അദ്ദേഹം സൂചിപ്പിച്ചിട്ടുമില്ല. ഇവിടെ ശങ്കരാചാര്യര്‍ക്ക് തെറ്റിയിട്ടില്ല എന്ന് വിശ്വസിക്കുകയാണെങ്കില്‍, താനെഴുതിയ ഗ്രന്ഥങ്ങളില്‍ നിന്നുതന്നെ ഉദ്ധരിച്ചുകൊണ്ട് തന്നോടുതന്നെ വാദത്തിനു വരുന്നവരെ കുടുക്കാനുള്ള കെണിയൊരുക്കുകയായിരിക്കാം ശങ്കരാചാര്യര്‍ അതിലൂടെ ചെയ്തത് എന്ന് അനുമാനിക്കാം. അങ്ങനെയെങ്കില്‍ യഥാര്‍ഥ അര്‍ഥം എന്താണ്?

‘ഉക്ഷ’ എന്നതിന് ‘കാള’ എന്ന ആദ്യ അര്‍ഥം വ്യാകരണനിയമങ്ങള്‍ക്കു യോജിക്കാത്തതിനാല്‍ത്തന്നെ മോണിയര്‍ വില്യംസിന്റെ രണ്ടാമത്തെ അര്‍ഥമായ ‘സോമലത’ (Sarco Stemma Viminalis or Asclepias Acide) എന്നത് സ്വീകരിക്കാം. വാജീകരണചികിത്സയിലുപയോഗിക്കുന്ന അത്യപൂര്‍വമായ ഒരു സസ്യമാണ് സോമലത. ഇവിടെ സന്ദര്‍ഭം ഉത്തമ ബീജോത്പാദനത്തെക്കുറിച്ചായതിനാല്‍തന്നെ ഈ അര്‍ഥമാണ് ഏറ്റവും അനുയോജ്യം.
ഇനി ‘ഋഷഭ’ശബ്ദത്തെക്കുറിച്ച് ചിന്തിക്കാം. ഭാവപ്രകാശം പൂര്‍ണ്ണഖണ്ഡത്തിലും, സുശ്രുതസംഹിത, സൂത്രസ്ഥാനം 38-ാം അധ്യായത്തിലും ‘ഋഷഭകം’ എന്ന ഔഷധസസ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ചരകസംഹിത സൂത്രസ്ഥാനത്തില്‍ ഷഡ്വിരേചന ശതാശ്രിതീയം എന്ന അധ്യായത്തില്‍ 14-ാം ശ്ലോകത്തില്‍ ‘ഋഷഭകം’ ആദ്യമഹാകഷായത്തിലെ ഒരു ഔഷധസസ്യമാണെന്ന് പറയുന്നുണ്ട്. ഇതിനു സമാനമായി നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന സസ്യമാണ് ‘നായ്ക്കുരുണ’ (Carpopogon Pruriens).)െ. നായ്ക്കുരുണവിത്ത് (അതിന്റെ മാംസളഭാഗത്തിന് വാജീകരണ ചികിത്സയിലുള്ള പങ്ക് അറിയണമെങ്കില്‍ ആയുര്‍വേദത്തിലെ രസായന വാജീകരണമൊക്കെ പഠിച്ചാല്‍ മതിയാകും.)- ‘കപികച്ഛു’ എന്നും പേരുള്ള ഇതുപയോഗിച്ചാണ് ‘വാനരീകല്പം’ നിര്‍മ്മിക്കുന്നത്. ഇന്ന് ചിലപ്പോള്‍ ആളുകള്‍ കുരങ്ങിനെ കൊന്ന് രസായനം വെച്ചാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല!

ആയുര്‍വേദത്തിലെ ഭാവപ്രകാശനിഘണ്ടുവില്‍ ‘കപികച്ഛൂരാത്മപ്രോക്താ ഋഷ്യപ്രോക്താ’ എന്നു പറയുന്നു.1 അതായത് നായ്ക്കുരുണയ്ക്ക് ഋഷ്യപ്രോക്താ എന്നും പര്യായമുണ്ട്. ഇവിടത്തെ ഋഷഭവും ഇതുതന്നെ. തുടര്‍ന്ന് നായ്ക്കുരുണയുടെ ഗുണത്തെ വിവരിക്കുന്നതിങ്ങനെയാണ്: ‘തദ്ബീജം വാതശമനം സ്മൃതം വാജീകരം പരം’ അതായത് ‘നായ്ക്കുരുണവിത്ത് വാതത്തെ ശമിപ്പിക്കും, അത് വളരെ വാജീകരണഗുണമുള്ളതുമാകുന്നു.’ ഉത്തമബീജോലപാദനത്തിനുള്ള ഔഷധമാണിതെന്നു സാരം. നായ്ക്കുരുണയ്ക്ക് Buffalo bean’ എന്നും പേരുണ്ട് എന്നതും അറിയുമ്പോഴാണ് സംസ്‌കൃത ശബ്ദങ്ങളെ വിവര്‍ത്തനം ചെയ്യുന്നതില്‍ വന്നുചേര്‍ന്ന അപാകമാണ് ഇത്തരം തെറ്റിദ്ധാരണകള്‍ക്ക് പിന്നീട് കാരണമായതെന്നു മനസ്സിലാവുക.

ശങ്കരാചാര്യരുടെ ഭാഷ്യത്തെ നിഷേധിക്കാതെതന്നെ പ്രസ്തുതശ്ലോകത്തിന് ഇപ്രകാരം അര്‍ഥം പറയാം. കാണുക:
” ‘ഉക്ഷ’ എന്ന ഔഷധസസ്യത്തിന്റെ മാംസളമായ ഭാഗം വാജീകരണത്തിനായി ഉപയോഗിക്കുന്നു. അല്ലെങ്കില്‍ അതിനേക്കാള്‍ വീര്യം കൂടിയ ‘ഋഷഭ’ത്തിന്റെ മാംസളമായ ഭാഗം ഉപയോഗിക്കുന്നു.” (‘അധികവയഃ’ എന്നതിന് വീര്യാധിക്യമുള്ളത് എന്നതാണ് അനുയോജ്യമായ അര്‍ഥം)

ഇങ്ങനെ നമ്മുടെ ഉപനിഷത്തുക്കളുടെയും വേദങ്ങളുടെയും അര്‍ഥം നാനാവിധമാക്കി നമ്മുടെതന്നെ നിലനില്പിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. ഹിന്ദു ആചാര്യന്മാര്‍ ഇതിനോട് പ്രതികരിക്കുമ്പോള്‍ അതിനെപ്പോലും വിമര്‍ശിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മാത്രമല്ല, അവരേക്കാള്‍ ഇക്കാര്യത്തില്‍ തങ്ങള്‍ നിഷ്ണാതരാണെന്നുകൂടി ഇവര്‍ ഭള്ളു പറയുന്നു. സാമാന്യമായ ചിന്തയോ സംസ്‌കൃതപഠനമോ ഇല്ലാതെ ഉപരിപ്ലവമായി കാര്യങ്ങളെ പറയാന്‍ ശ്രമിക്കുന്ന വ്യാഖ്യാന കസര്‍ത്തുകളെ എടുത്തുദ്ധരിച്ച് സാമാന്യ ഭക്തരെപ്പോലും ഇവര്‍ കബളിപ്പിക്കുന്നു.