Articles, Spiritual (Malayalam)

വേദം പകുത്തതു വേദവ്യാസനല്ല

ഭക്തപ്രിയയില്‍ ഞാനെഴുതിയ ലേഖനത്തില്‍ വ്യാസന്‍ വേദം പകുത്തില്ലെന്നതിനു ഹരിപ്രസാദ് വി.ടി. കടമ്പൂര് എഴുതിയ മറുപടി വായിച്ചു. എന്റെ പരാമര്‍ശം യുക്തിസഹമല്ലെന്നു കാട്ടിക്കൊണ്ട് അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ അതിവിശദമായിത്തന്നെ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. ‘പൗരാണികകാലം മുതല്‍ക്കു വിശ്വസിച്ചുപോരുന്നതും പുരാണേതിഹാസങ്ങളില്‍ത്തന്നെ ധാരാളം തെളിവുകളുള്ളതുമായ പ്രശസ്തമായ വിശ്വാസത്തെയാണ്.” ഞാന്‍ ഒറ്റവാചകത്തില്‍ ഖണ്ഡിച്ചതെന്നു അദ്ദേഹത്തിനു പരാതിയുണ്ട്. കുറേക്കാലമായി ഒരു വിശ്വാസം നിലനിന്നു എന്നതുകൊണ്ടു മാത്രം അതു സ്വീകരിക്കണമെന്നു പറയുന്നതു സ്വീകാര്യമല്ല. യുക്തിസഹവുമല്ല ആ വാദം. ഭൂമി പരന്നതാണെന്ന് ഒട്ടേറെക്കാലം ഒട്ടേറെപ്പേര്‍ വിശ്വസിച്ചിരുന്നു എന്നതുകൊണ്ടു ഭൂമി ഗോളാകാരമല്ലെന്നു വരുമോ? കാതലായി ലേഖകന്‍ ചൂണ്ടിക്കാട്ടുന്ന പ്രമാദം വേദവ്യാസന്‍ മാത്രമല്ല 27 വ്യാസന്‍മാര്‍ വേദം പകുത്തിട്ടുണ്ടെന്നാണ്. അങ്ങനെ ‘ബ്രഹ്മദേവന്‍ മുതല്‍ കൃഷ്ണദ്വൈപായനന്‍ വരെ 28 വ്യാസന്മാരും യുഗാനുസൃതമായി വേദവിഭജനം നടത്തിയെന്നും ഒരു വ്യാസന്‍ താന്‍ ജീവിച്ചിരിക്കുന്ന കാലത്തിനനുസൃതമായി വേദം വിഭജിക്കുന്നതു വരെ അതിനു തൊട്ടു മുമ്പുള്ള വ്യാസന്‍ ക്രമപ്പെടുത്തിയ നിലയിലാണ് വേദങ്ങള്‍ പ്രചരിച്ചുപോന്നത്.” (ഭക്തപ്രിയ, ലക്കം 6, ജൂണ്‍ 1999)
ഈ പ്രസ്താവന നോക്കുമ്പോള്‍ വേദം ആദിയില്‍ ഒന്നേ ഉണ്ടായിരുന്നുള്ളുവെന്നും ഏതോ ഒരു വ്യാസന്‍ ആദ്യം അതു പകുത്തുവെന്നും വരും. ഇത്തരമൊരു ഊഹാപോഹത്തില്‍ ലേഖകന്‍ വീണത് വേദങ്ങളെക്കുറിച്ചോ വൈദികമന്ത്രങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ചോ ശ്രദ്ധിക്കാത്തതുകൊണ്ടാണെന്നു പറയാതെ വയ്യ. അതുമല്ലെങ്കില്‍ ലേഖകന്‍ തന്നെ പറയുന്നതുപോലെ അര്‍ത്ഥമറിയാത്തവന്‍ വേദത്തെ ഭയപ്പെടുത്തുകയാണെന്നു തോന്നിക്കുംവിധമായിപ്പോയി ഈ കണ്ടെത്തല്‍. കാരണം രണ്ടാണ്. ഒന്നാമതായി വേദങ്ങളില്‍ത്തന്നെ ഋക്ക്, സാമം, അഥര്‍വ്വം, യജുസ്സ് എന്നിങ്ങനെ നാലു വേദങ്ങള്‍ വെവ്വേറെ ഉള്ളതായി പറഞ്ഞിട്ടുണ്ട്. ആരെങ്കിലും വേദങ്ങള്‍ പകുത്തതാണെങ്കില്‍ ഈ മന്ത്രങ്ങള്‍ പ്രക്ഷിപ്തമായി കരുതേണ്ടിവരും. വേദങ്ങളില്‍ പ്രക്ഷിപ്തമില്ലെന്നതു പ്രസിദ്ധമാണ്. രണ്ടാമതായി, മന്ത്രങ്ങളിലെ പദങ്ങള്‍ പ്രാമാണികമാണെന്ന് വേദാനുയായികള്‍ അംഗീകരിക്കുന്നു. അപ്പോള്‍ മന്ത്രങ്ങളില്‍ വേദങ്ങള്‍ എന്ന ബഹുവചനം വരുന്നുവെങ്കില്‍ ഒന്നിലേറെയുണ്ടെന്നര്‍ത്ഥം. അഥര്‍വ്വവേദത്തില്‍ ‘യസ്മിന്വേദാ നിഹിതാ വിശ്വരൂപാഃ” ഏതു പരമാത്മാവിലാണോ എല്ലാ വിദ്യകളുടെയും ഭണ്ഡാരമായ വേദങ്ങള്‍ സ്ഥിരമായിരിക്കുന്നത് (അഥര്‍വ്വം 4.35.6) ‘ബ്രഹ്മപ്രജാപതിര്‍ ധാതാ ലോകാ വേദാഃ (അഥര്‍വ്വം 19.9.12) വീണ്ടും ബഹുവചനം. ഇതിനു സായണന്‍ എഴുതിയ ഭാഷ്യം ഇങ്ങനെയാണ്.” സാംഗശ്ചത്വാരോ വേദാഃ, അംഗങ്ങളോടുകൂടിയ നാലു വേദങ്ങളെന്ന്. വേദേഭ്യഃസ്വാഹാ-വേദങ്ങള്‍ക്കുവേണ്ടി സമര്‍പ്പണം എന്നു തൈത്തിരീയ സംഹിത (7.5.11.2)യിലും കാണാം. ഇങ്ങനെ കാഠകശതാധ്യായന ബ്രാഹ്മണം, ഗോപഥ ബ്രാഹ്മണം, ശ്വേതാശ്വതരോപനിഷത്ത് എന്നിവകളിലും വേദങ്ങള്‍ എന്നു ബഹുവചനരൂപത്തില്‍ കാണാം. ശ്രീമച്ഛങ്കരാചാര്യര്‍ വേദാന്തസൂത്രഭാഷ്യത്തില്‍ (1.3.30, 1.4.1) വേദങ്ങളെന്നു പറയുന്നതുകാണാം.
അതിനെല്ലാമപ്പുറത്ത്, യജുര്‍വേദത്തിലും, അഥര്‍വ്വവേദത്തിലും ഈശ്വരനില്‍ നിന്നു നാലു വേദങ്ങള്‍ ഉണ്ടായെന്നു വ്യക്തമാക്കുന്നതു കാണുമ്പോള്‍ ആരാനും വേദത്തെ പകുത്തു നാലാക്കിയതാണെന്ന വിശ്വാസം തകര്‍ന്നു തരിപ്പണമാകുന്നു. യജുര്‍വേദത്തിലെ പ്രശസ്തമായ പുരുഷ സൂക്തത്തിലെ ഒന്‍പതാമത്തെ മന്ത്രം കാണുക.
“തസ്മാദ്യജ്ഞാത് സര്‍വഹുത ഋചഃ, സാമാനി ജജ്ഞിരേ
ഛന്ദാംസി ജജ്ഞിരേ തസ്മാദ്യജുസ്തസ്മാദജായത. “
തസ്മാത് = ആ, സര്‍വ ള ഹുതഃ = പൂര്‍ണതയാ ഹോമിച്ച, യജ്ഞാത് = യജ്ഞത്തില്‍ നിന്നും, ഋചഃ = ഋഗ്വേദവും, സാമാനി = സാമവേദവും ജജ്ഞിരേ = ഉണ്ടായി, തസ്മാത് = ആ യജ്ഞത്തില്‍ നിന്നും. ഛന്ദാംസി = അഥര്‍വവേദം, ജജ്ഞിരേ = ഉണ്ടായി, തസ്മാദ് = അതില്‍നിന്നു, യജുഃ = യജുര്‍വേദവും, അജായത = ഉണ്ടായി. ഹരിപ്രസാദ് പറഞ്ഞ ‘ആദ്യവിഭജനത്തിനു’ മുമ്പുള്ള അതിപ്രാചീനമായ മന്ത്രം. ഇനിയും സംശയം തീരുന്നില്ലെങ്കില്‍ അഥര്‍വവേദത്തിലേയ്ക്കു വരിക. അവിടെ, നാലു വേദങ്ങളെ ഈശ്വരന്‍ തന്നെ പ്രകാശിപ്പിച്ചതെങ്ങനെയെന്നു വ്യക്തമാക്കുന്നു.
‘യസ്മാദൃചോ അപാതക്ഷന്‍ യജുര്യസ്മാദപാകഷന്‍ 
സാമാനി യസ്യ ലോമാന്യഥര്‍വാങ്ഗിരസോ മുഖം സ്‌കമ്ഭം
തം ബ്രൂഹി കതമഃ സ്വിദേവ സഃ (അഥര്‍വം 10.7.20) 
(യസ്മാദൃചോ) ആ സര്‍വ്വശക്തിമാനില്‍ നിന്നുതന്നെ ഋഗ്വേദം (അപാതക്ഷന്‍) ഉത്പന്നമായി. (യജുര്യസ്മാദപാക്ഷന്‍) യജുര്‍വേദവും അതില്‍ നിന്നും പ്രാദുര്‍ഭവിച്ചു. അതുപോലെ (യസ്യസാമാനി) സാമവേദവും (അങ്ഗിരസഃ) അഥര്‍വവേദവും. (മുഖം) മുഖംപോലെ മുഖ്യമായ അഥര്‍വവേദവും (ലോമാനി) കേശം പോലെ സാമവേദവും, ഹൃദയം പോലെ യജുര്‍വേദവും, പ്രാണനെപ്പോലെ ഋഗ്വേദവും എന്ന് രൂപകാലങ്കാരത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ഇങ്ങനെ സ്പഷ്ടമായി നാലു വേദങ്ങളെക്കുറിച്ച് വേദത്തില്‍ത്തന്നെ എടുത്തു പറയുമ്പോള്‍, വേദം ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ, പുരാണങ്ങളിലെ ചില പ്രസ്താവനകളെടുത്തു വേദവ്യാസനും, അതിനു മുന്‍പ് 27 വ്യാസന്മാര്‍ വേറെയും വേദം പകുത്തിരുന്നു എന്നു പറയുന്നതിന്റെ യുക്തി എന്താണ്? ‘ഇവിടെ വ്യാസന്മാര്‍ ഇരുപത്തെട്ടുപേരും ഓരോ ചതുര്‍യുഗങ്ങളിലും അതാതു യുഗങ്ങള്‍ക്കനുസൃതമായി വേദത്തെ പരിശോധിച്ച് ഉപയോഗ്യമാം വിധം ക്രമപ്പെടുത്തുകയാണുണ്ടായിട്ടുള്ളത്. ഒരുതരം പ്രസിദ്ധീകരണയോഗ്യമാക്കല്‍ തന്നെയാണ് ഈ പ്രവൃത്തിയും” (ഹരിപ്രസാദ്, ഭക്തപ്രിയ) എന്നുള്ള ലേഖകന്റെ വാദം അമ്പേ പരാജയപ്പെടുന്നതു ഇവിടെയാണ്. അതിനുമപ്പുറം, ഈ വാദത്തില്‍ വേദങ്ങള്‍ ഈശ്വരവാണിയാണെന്ന വസ്തുത തന്നെ പാടേ വിസ്മരിക്കുകയാണു ലേഖകന്‍. ഈശ്വരനില്‍ നിന്നു നിഹിതമായി പുറപ്പെട്ടുവെന്നു യാജ്ഞവല്ക്യന്‍ (ഗോപഥബ്രാഹ്മണം 14.5.4.10)  പറഞ്ഞ വേദങ്ങള്‍ ‘ഋറശ’േ ചെയ്യുന്ന വ്യാസന്‍ ഈശ്വരനേക്കാള്‍ കേമനായി മാറുന്ന ചിത്രമാണ് കാണുന്നത്. വ്യാസനെ ഈശ്വരനേക്കാള്‍ ഉയരത്തില്‍ പ്രതിഷ്ഠിക്കാന്‍ പരിശ്രമിക്കുന്നതുകൊണ്ട് സത്യത്തിനു മറയിടാന്‍ ശ്രമിക്കാമെന്നല്ലാതെ സത്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. വേദങ്ങള്‍ നാലാണെന്നു യജുര്‍വേദത്തിലും, അഥര്‍വവേദത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതു നോക്കാതെ മഹാഭാരതത്തിലെ മൂന്നു ശ്ലോകങ്ങളും, വിഷ്ണുപുരാണത്തിലെ ഒരു പ്രസ്താവനയും എടുത്തുയര്‍ത്തി വേദം പകുത്തതു വ്യാസന്‍ തന്നെ എന്നുദ്‌ഘോഷിച്ചാല്‍ അതിനെ സ്വീകരിക്കാന്‍ കഴിയില്ല. വേദം ഈശ്വരവാണിയാണ്. അതില്‍ കള്ളമില്ല. ഹരിപ്രസാദിന്റെ പുരാണോദ്ധരണികള്‍ വേദത്തിലെ പ്രസ്താവനയ്ക്കു വിരുദ്ധമാണെന്നു കാണാന്‍ യാതൊരു പ്രയാസവുമില്ല. ഈ പ്രസ്താവനയില്‍ നാം ഏതു സ്വീകരിക്കണം? സത്യവാദികള്‍ വേദത്തെ സ്വീകരിക്കും. ഈ നാലു വേദങ്ങള്‍ ആര്‍ക്കൊക്കെയാണ് പ്രകാശിച്ചതെന്നു കൂടി അറിഞ്ഞാല്‍ ഹരിപ്രസാദിന്റെ വാദം തെറ്റാണെന്നു തെളിയും. ഇനിയും സംശയമുണ്ടെങ്കില്‍ മഹാഭാരതത്തിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രചിക്കപ്പെട്ട ശതപഥ ബ്രാഹ്മണത്തിലൊന്ന് കണ്ണോടിക്കുക. അവിടെ ആര്‍ക്കെല്ലാം വേദങ്ങള്‍ പ്രകാശിതമായെന്നു വിവരിക്കുന്നുണ്ട്. കാണുക.
‘അഗ്നേര്‍ഋഗ്വേദോ വായോര്‍യ്യജുര്‍വേദഃ 
സൂര്യാത്സാമവേദഃ (ശത. 11.4.2.3) 
അര്‍ത്ഥം: ഒന്നാമത്തെ സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരന്‍ അഗ്നി, വായു, ആദിത്യന്‍, അംഗിരസ് എന്നീ മഹര്‍ഷിമാരുടെ ആത്മാവില്‍ ഓരോ വേദത്തെ പ്രകാശിപ്പിച്ചു. മനുസ്മൃതിയെ ഒട്ടേറെ തവണ ഉദ്ധരിക്കുന്ന ലേഖകന്‍ പക്ഷേ അതിലെ കാതലായ ശ്ലോകം കണ്ടില്ലെന്നു തോന്നുന്നു.
‘അഗ്നിവായുരവിഭ്യസ്തു ത്രയം ബ്രഹ്മ സനാതനമ്
ദുദോഹ യജ്ഞസിദ്ധ്യര്‍ത്ഥമൃഗ്യജുഃസാമലക്ഷണമ്.” 
(മനു. 1.23)
പരമേശ്വരന്‍ സൃഷ്ടിയുടെ ആദിയില്‍ മനുഷ്യരെ സൃഷ്ടിച്ചതിനു ശേഷം അഗ്നി തുടങ്ങിയ നാലു മഹര്‍ഷിമാര്‍ മുഖേന നാലു വേദങ്ങളെയും ബ്രഹ്മാവിനു പ്രാപ്തമാക്കി. ആ ബ്രഹ്മാവ് അഗ്നി, വായു, ആദിത്യന്‍, അംഗിരസ് എന്നിവരില്‍ നിന്നും ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നീ നാലു വേദങ്ങളെയും രചിച്ചു. ഈ അര്‍ത്ഥം പ്രസിദ്ധ വേദഭാഷ്യകാരനായ മഹര്‍ഷി ദയാനന്ദ സരസ്വതിയുടേതാണ്. എന്നാല്‍ ഹരിപ്രസാദ് മഹാഭാരതവും ഭാഗവതവും, വിഷ്ണുപുരാണവും പ്രമാണമായെടുത്തു വ്യാസന്‍ തന്നെയാണ് വേദം പകുത്തതെന്നു ശഠിക്കുമ്പോള്‍ ‘അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും.” എന്ന പ്രസ്താവനയാണ് ഓര്‍മ്മയില്‍ വരുന്നത്. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കപോലകല്പിതകഥകള്‍ പ്രമാണമായി സ്വീകരിക്കുകയും വേദങ്ങളെ തമസ്‌ക്കരിക്കുകയും ചെയ്യുന്നത് വൃഥാ വ്യായാമമാണെന്നറിയണം. അവയുടെ വെളിച്ചത്തില്‍ വേദത്തെ വിസ്തരിക്കുന്നതു സൂര്യപ്രകാശത്തെ മിന്നാമിനുങ്ങിന്റെ വെട്ടംകൊണ്ടു അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. മഹര്‍ഷി ദയാനന്ദ സരസ്വതി ഇക്കാര്യത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്.
‘നവീനപുരാണഗ്രന്ഥങ്ങളിലും താന്ത്രികഗ്രന്ഥങ്ങളിലും അസംഭവ്യവും കപോലകല്പിതമിഥ്യാചരിതങ്ങളും നിരവധിയായതിനാല്‍ അവയെ ത്യജിക്കണം. ശതപഥബ്രാഹ്മണം മുതലായവയിലെ ഐതിഹ്യങ്ങളെ ത്യജിക്കാന്‍ പാടില്ല.” (ഋഗ്വേദാദിഭാഷ്യഭൂമിക) 
ഇനി പേരിനെസ്സംബന്ധിച്ച്, ‘വ്യസിച്ചവന്‍ എന്നതിന് ഉള്ളിലൊതുക്കിയവന്‍ എന്ന അര്‍ത്ഥമുള്ള കാര്യം ഇതെഴുതുന്നയാള്‍ക്ക് ഇതേവരെ അജ്ഞാതമായിരുന്നു” (ഭക്തപ്രിയ ജൂണ്‍ 1999) വെന്ന് വി.ടി. ഹരിപ്രസാദ് എഴുതുന്നു. ഇക്കാര്യത്തില്‍ ഞാന്‍ കുറ്റക്കാരനല്ല. വേദങ്ങളില്‍ ഗുരുകുലവിദ്യാഭ്യാസം നേടിയ, പ്രസിദ്ധ വേദപണ്ഡിതനായ ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍ എഴുതുന്നതു കാണുക. ‘വേദവ്യാസനാണു വേദങ്ങളെ നാലായി പകുത്തതെന്നു ചിലര്‍ പറയാറുണ്ട്. ഇതിനു വേദമന്ത്രങ്ങളെ നാലു വിഭാഗമായിത്തിരിച്ചു എന്നര്‍ത്ഥമാക്കരുത്. വേദത്തില്‍ത്തന്നെ നാലുവേദത്തെപ്പറ്റി സ്പഷ്ടമേ പറയുന്നതുകൊണ്ടു പില്‍ക്കാലത്ത് വ്യാസന്‍ വേദത്തെ നാലായിപ്പകുത്തു എന്നു പറയുന്നതില്‍ യുക്തിഭദ്രതയില്ല. അങ്ങനെ ഈ വാദത്തിന്റെ നാമ്പ് മുളയിലേ പട്ടുപോകുന്നു. അദ്ദേഹം നാലു വേദങ്ങളെയും വ്യസിച്ച (അറിഞ്ഞ് ഉള്ളിലൊതുക്കിയ) ഋഷിയാണെന്നു പറയുകയാവും ഉചിതം. വ്യാസന് അനേകം ഉത്തമശിഷ്യന്മാരുണ്ടായിരുന്നു.’‘ (വേദാധികാരനിരൂപണം; വ്യാഖ്യാനം: ശ്രീ ആചാര്യനരേന്ദ്രഭൂഷണ്‍ പേജ് 92) ഇതു മാത്രമല്ല ശ്രീ ദയാനന്ദസരസ്വതിയും വ്യാസന്‍ പകുത്തില്ലെന്ന വാദക്കാരനാണ്. അദ്ദേഹം തന്റെ പ്രസിദ്ധമായ സത്യാര്‍ത്ഥപ്രകാശത്തില്‍ എഴുതുന്നത് ഇങ്ങനെ  ‘വ്യാസമഹര്‍ഷി വേദം പഠിക്കുകയും വേദാര്‍ത്ഥം പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് വേദവ്യാസനെന്ന പേരിനര്‍ഹമായത്. പാരാവാരത്തിന്റെ മദ്ധ്യരേഖയ്ക്കാണു വ്യാസമെന്നു പറയുന്നത്. ഋഗ്വേദാരംഭം മുതല്‍ അഥര്‍വവേദാന്തം വരെ പഠിച്ചു. ശുകദേവന്‍, ജൈമിനി തുടങ്ങിയ ശിഷ്യന്മാരെ പഠിപ്പിക്കുകയും ചെയ്തു. അന്യഥാ അദ്ദേഹത്തിന്റെ ജന്മനാമം കൃഷ്ണദ്വൈപായനനെന്നായിരുന്നു. വേദങ്ങളെ വ്യാസന്‍ ഒന്നിച്ചുചേര്‍ത്തുവെന്നു പറയുന്നത് കള്ളമാണ്. എന്തെന്നാല്‍ പിതാ-പിതാമഹ-പ്രപിതാമഹര്‍ ആയ പരാശരന്‍, ശക്തിവസിഷ്ഠന്‍, ബ്രഹ്മാ ആദിയായവര്‍ ചതുര്‍വേദങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരിക്കെ ഇതെങ്ങനെ യോജിക്കും?” (സത്യാര്‍ത്ഥപ്രകാശം, പതിനൊന്നാം സമുല്ലാസം പേജ് 519, 520)
മറ്റൊരു വേദപണ്ഡിതനായ ശ്രീ വേദബന്ധുശര്‍മ്മ, ശ്രീ ഹരിപ്രസാദിന്റെ വിചാരങ്ങളുടെ ഉത്ഭവവും സത്യവും വ്യക്തമാക്കുന്നുണ്ട്.
‘വേദം ഒന്നായിരുന്നുവെന്നും വേദവ്യാസന്‍ അതു പകുത്തു നാലാക്കിയെന്നും ഒരു ഐതിഹ്യം മഹാഭാരതവും വിഷ്ണുപുരാണവും പ്രചരിപ്പിച്ചു. കല്പിതമായ ഈ ഐതിഹ്യം” മഹീധരന്‍ തന്റെ (ശുക്ല) യജുര്‍വേദഭാഷ്യത്തില്‍ ഇപ്രകാരം ആവര്‍ത്തിക്കുന്നു. ‘ആരംഭത്തില്‍ ബ്രഹ്മാവില്‍ നിന്നും പരമ്പരവഴിക്ക് കിട്ടിയ വേദം മന്ദബുദ്ധികളായ മനുഷ്യരെ ഉദ്ദേശിച്ച് വ്യാസന്‍ ഋക്ക്, യജുസ്സ്, സാമം, അഥര്‍വ്വം എന്നിങ്ങനെ നാലായി പിരിച്ചിട്ട് പൈലന്‍, വൈശമ്പായനന്‍, ജൈമിനി, സുമന്തു എന്നിവരെ മുറയ്ക്കു ഉപദേശിച്ചു. ” വ്യാസന്റെ മാഹാത്മ്യം കൂട്ടുവാനോ വേദവ്യാസനെന്ന അഭിധ അന്വര്‍ത്ഥമാക്കുവാനോ വേണ്ടിമാത്രം കെട്ടിച്ചമതാകാം ഈ ഐതിഹ്യം. മഹാഭാരതത്തിലെ ആദിപര്‍വ്വത്തില്‍ പ്രസിദ്ധമായ ശകുന്തളോപാഖ്യാനം വര്‍ണ്ണിതമാണ്…..ഈ ഐതിഹ്യം തന്നെയും മറ്റൊരു പ്രമാദമായ ധാരണയില്‍ നിന്നുണ്ടായതാണെന്നു കരുതേണ്ടിയിരിക്കുന്നു. പ്രസിദ്ധ വേദജ്ഞനായ ദുര്‍ഗാചാര്യന്‍ നിരുക്തടീകയില്‍ (1.20) എഴുതുന്നു. ‘വേദം താവദേകം സന്തം അതിമഹത്വാദ് ദുരദ്‌ധ്യേയമനേകശാഖാഭേദേന സമാമ്‌നാതവന്തഃ” എന്ന വാക്യാംശവുമായി സമന്വയിക്കുമ്പോള്‍ ‘വേദം ഏകം സന്തം’ എന്ന അംശത്തിലെ വേദശബ്ദം ഓരോ മൂലവേദത്തെയും കുറിക്കുന്നുവെന്നു പകല്‍പോലെ തെളിയുന്നുണ്ട്. ഓരോ വേദവും ഏകമായിരിക്കെ, അതിന്റെ വലുപ്പം അധ്യയനത്തിനു തടസ്സമായിരുന്നതിനാല്‍ പല ശാഖകളായി ഉപദേശിക്കാനിടയായെന്ന അര്‍ത്ഥം കിട്ടുന്നുണ്ടല്ലോ. ദുര്‍ഗന്റെ ഈ സന്ദര്‍ഭത്തിന് ആധാരമായിരുന്ന ഏതോ പ്രാചീനവചനം തെറ്റിച്ചു മനസ്സിലാക്കി കല്പിച്ചതാണ് മഹാഭാരതത്തിലെ പ്രക്ഷേപവും മഹീധരന്റെ കഥനവും,  വ്യാസന്‍ ശാഖാപ്രവര്‍ത്തകനാണെന്നു ധരിച്ച ആരോ സ്വാഭിപ്രായം ഭ്രാമകമായ ഭാഷയില്‍ എഴുതിവിട്ടതാണ് ഈ ഐതിഹ്യം എന്നും വരാം. വ്യാസശിഷ്യന്മാരുടെ പേരില്‍ ജ്ഞാതമായ പൈല (=പൈപ്പലാദ?) ശാഖയും ജൈമിനീശാഖയും ഇന്നു കിട്ടുന്നുണ്ട്. അവ മൂലസംഹിതയല്ലതാനും.” (ഋഗ്വേദപ്രവേശിക, പേജ് 26)
ഹരിപ്രസാദ് ഉന്നയിച്ച വാദങ്ങള്‍ക്ക് വൈദികഗ്രന്ഥങ്ങളുടെ പിന്‍ബലമില്ലെന്നും മറിച്ച് പുരാണങ്ങളിലെ കഥനങ്ങളുടെ ദുര്‍ബലമായ താങ്ങു മാത്രമേ ഉള്ളൂവെന്നും മനസ്സിലാക്കാം. വേദങ്ങള്‍ക്കു പ്രമാണം വേദം മാത്രമാകയാല്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ തീപ്പെട്ടുപോകുന്നു. വേദം ശബ്ദപ്രമാണമാണ്.
ഇനി മറ്റൊരു ആക്ഷേപം കൂടിയുണ്ട്. ഞാന്‍ ‘വേദം ധര്‍മ്മമൂലം’ എന്നതിനു പകരം തെറ്റായി ധര്‍മ്മം വേദമൂലം എന്നെഴുതിപോലും. വൈദിക ദര്‍ശനങ്ങള്‍ ശരിക്കുപഠിക്കാതെ അവയെ ഗോട്ടികളിക്കുന്നതു മൂലമുള്ള ഒരു ഭ്രമമാണ് എന്റെ വാചകത്തില്‍ തെറ്റുകണ്ടെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ‘ധര്‍മ്മം’ എന്നു പറയുന്നതിന് അദ്ദേഹം മനുസ്മൃതിയില്‍ നിന്നും എടുത്തുചേര്‍ത്ത പ്രസ്താവന മാത്രമല്ല അര്‍ത്ഥമുള്ളത്. വേദത്തിന്റെ ഉപാംഗങ്ങളില്‍ ഒന്നായ വൈശേഷികദര്‍ശനത്തില്‍ എന്താണ് യഥാര്‍ത്ഥ ധര്‍മ്മമെന്ന് വിവക്ഷിച്ചിട്ടുണ്ട്. ആ സൂത്രം ഒന്നു കാണുക.
‘ധര്‍മ്മവിശേഷപ്രസൂതാദ് ദ്രവ്യഗുണകര്‍മസാമാന്യവിശേഷ-
സമ വായാനാം പദാര്‍ത്ഥാനാം സാധര്‍മ്യവൈധര്‍മ്യാഭ്യാം
തത്ത്വജ്ഞാനാന്നിഃശ്രേയസമ് (വൈ. 1.1.4)” 
‘മനുഷ്യന്‍ ധര്‍മ്മത്തെ യഥായോഗ്യം അനുഷ്ഠിച്ചാല്‍ പവിത്രനാവുകയും, സാധര്‍മ്യങ്ങളുടെ, അതായതു പൃഥിവി ജഡമാണ്; ജലവും ജഡമാണ്; ജഡത്വം പൃഥിവിക്കും ജലത്തിനുമുള്ള സമാനധര്‍മമാണ്; ഇങ്ങനെ സാധര്‍മ്മ്യത്തിന്റെയും, പൃഥിവി കടുപ്പമുള്ളതും ജലം മൃദുവുമാണ്; കടുപ്പവും മാര്‍ദ്ദവവും യഥാക്രമം പൃഥിവിയിലും ജലത്തിലുമുള്ള ഭിന്നധര്‍മ്മങ്ങളാണ്, എന്നിങ്ങനെ വൈധര്‍മ്യത്തിന്റെയും ജ്ഞാനം ഉണ്ടായി. ദ്രവ്യം, ഗുണം, കര്‍മ്മം, സാമാന്യം, വിശേഷം, സമവായം എന്നീ ആറു പദാര്‍ത്ഥങ്ങളുടെ തത്ത്വജ്ഞാനം ഉണ്ടായി. തദ്വാരാ മോക്ഷം പ്രാപിക്കുന്നു.” അതായതു ധര്‍മ്മത്തിലൂടെയാണ് മോക്ഷത്തിലേയ്ക്കു മനുഷ്യന്‍ പ്രവേശിക്കുന്നത്. കണാദമഹര്‍ഷി വേദപ്രാമാണ്യം പദാര്‍ത്ഥവിജ്ഞാനത്തില്‍ ഉപപാദനം ചെയ്യുന്നതു കാണാം:
(1) അഥാതോ ധര്‍മ്മം വ്യാഖ്യാസ്യാമഃ 
(2) യതോഭ്യുദയനിഃശ്രേയസസിദ്ധിഃ സ ധര്‍മഃ 
(3) തദ്വചനാദാമ്‌നായസ്യ പ്രാമാണ്യമ്. 
(വൈശേഷികം 1.1.1. മുതല്‍ 3 വരെ) 
അര്‍ത്ഥം:
(1)  ഇപ്പോള്‍ നാം ഇതുമുതല്‍ ധര്‍മ്മം വ്യാഖ്യാനിക്കാം.
(2) ഏതിനാല്‍ ലൗകികവും പാരലൗകികവുമായ സുഖപ്രാപ്തിയുണ്ടാകുമോ അതാണു ധര്‍മ്മം.
(3) ആ ധര്‍മ്മത്തിന്റെ പ്രതിപാദനമുള്ളതിനാല്‍ വേദപ്രാമാണ്യം സിദ്ധിക്കുന്നു. അല്ലാതെ വേദം അപൗരുഷേയമോ ഈശ്വരവചനമോ ആകയാലല്ല. ഇതുകഴിഞ്ഞാണ് ഞാന്‍ നേരത്തെ ഉദ്ധരിച്ച സൂത്രമുള്ളത്. അതായത് കണാദമഹര്‍ഷിയുടെ അഭിപ്രായത്തില്‍ ധര്‍മ്മം വേദമൂലമാണ്. അതുകൊണ്ടാണ് കണാദന്‍ ‘തദ്വചനാദാമ്‌നായസ്യ പ്രാമാണ്യമ്’ എന്നു പറഞ്ഞത്. കണാദമഹര്‍ഷി ധര്‍മ്മം വേദമൂലമാണെന്നു പറയുമ്പോള്‍ ശ്രീ ഹരിപ്രസാദ് അതു തെറ്റാണെന്നു പറയുന്നു. നമുക്ക് കണാദമഹര്‍ഷിയെ സ്വീകരിക്കാം. ആദരിക്കാം.
എന്റെ ലേഖനത്തില്‍ ധര്‍മ്മം വേദമൂലം എന്നെഴുതിയതില്‍ വാക്യപ്പിഴവ് കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഹരിപ്രസാദ്. കണാദമഹര്‍ഷി പക്ഷേ എനിക്ക് പിന്‍ബലമേകുന്നുണ്ട്. എന്നാല്‍ ‘ഈ വിശ്വാസത്തോടെയാണ് ശ്രീ രാജേഷ് വേദവ്യാസന്‍ വേദം പകുത്തില്ലെ”ന്ന  ഒറ്റവാക്കില്‍ ഖണ്ഡിച്ചു വിടാന്‍ ശ്രമിക്കുന്നത്. (ഭക്തപ്രിയ) എന്നു ഹരിപ്രസാദ് എഴുതിയിരിക്കുന്നു. എന്റേത് ഒരു വാക്യമാണ് ഒരു വാക്കല്ല. മലയാളഭാഷയില്‍ ഇത്ര നിസ്സാരമായ സംഗതി തിരിച്ചറിയാത്ത ഹരിപ്രസാദ് വേദത്തെ വിലയിരുത്തുന്നത് എങ്ങനെ പരിശോധിക്കണമെന്ന് നാം ചിന്തിക്കണം.