Spiritual (Malayalam)

ഗുരുവായൂരിന്റെ വേദരഹസ്യം

ഗുരുവായൂരിന്റെ വേദരഹസ്യം
യഥാര്‍ത്ഥത്തില്‍ ഗുരുവായൂര്‍ ക്ഷേത്രസങ്കല്പത്തിന്റെ പിന്നില്‍ നാം ചിന്തിക്കാതെ വിടുന്ന അതിരഹസ്യമായ യോഗമാര്‍ഗത്തിന്റെ ചില സങ്കല്പങ്ങളുണ്ടോ? ഗുരുവും വായുവും ചേരുന്ന ഈ ഗുരുവായൂര്‍ ക്ഷേത്രം എന്തിന്റെ പ്രതീകമാണ്? ഗുരുവും വായുവും കേവലം ഒരു കഥ മാത്രമാണോ? ഋഗേ്വദത്തില്‍ ഈ ഗുരുവും വായുവും ഒന്നിക്കുന്ന ഒരു മന്ത്രമുണ്ട്. ആ മന്ത്രവുമായി ഈ ഗുരുവായൂരിന് എന്തെങ്കിലും അസാധാരണമായ ബന്ധമുണ്ടോ? കാരണം ഭാരതത്തിലെ നിരവധി തീര്‍ത്ഥങ്ങളും ഉത്സവങ്ങളും സങ്കല്പങ്ങളും ആചാരങ്ങളുമെല്ലാം കിളിര്‍ത്തുവന്നത് ഈ വേദങ്ങളില്‍ നിന്നാണെന്നു കാണാം. അപ്പോള്‍ സനാതനധര്‍മ്മത്തിന്റെ ആദിമൂലമായ വേദങ്ങളിലെ ഒരു പ്രസ്താവം യോഗമാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗുരുവായൂരുമായി ബന്ധമുണ്ടെന്ന തോന്നല്‍ ഊട്ടി ഉറപ്പിക്കുന്നതാണ്. വേദം സൃഷ്ടി ഉല്പത്തിയില്‍ ഉണ്ടായതാണെന്നാണ് വിശ്വാസം. ഗുരുവായൂരാകട്ടെ വേദവുമായി തട്ടിച്ചുനോക്കുമ്പോള്‍ അര്‍വ്വാചീനവും. ഒരുപക്ഷേ സാധകന്റെ സഞ്ചാരത്തില്‍ ഉണര്‍ന്നുവന്ന ഒരു സാധനാകേന്ദ്രമായിരിക്കാം ഈ ഗുരുവായൂര്‍.
ഋഗ്വേദത്തില്‍ ഇങ്ങനെയൊരു മന്ത്രമുണ്ട ് (1) വായുവും സോമനും (ചന്ദ്രനും) ഭുവനപതിയായ സൂര്യനും സ്വസ്തിയേകട്ടെ. അവരില്‍ നിന്നുള്ള അറിവ് വേണ്ട വിധത്തില്‍ ഉപയോഗിക്കാനാകട്ടെ. സമസ്ത വിജ്ഞാനത്തിന്റേയും ഉറവിടമായ ഗുരു ബൃഹസ്പതി തന്റെ ശിഷ്യഗണങ്ങളോടെ ഞങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ. അങ്ങനെ അറിവു നേടി സൂര്യനെപ്പോലെ ഞങ്ങള്‍ പ്രകാശിക്കട്ടെ.
ഇവിടെ സ്വസ്തി അഥവാ സുഖവും ശാന്തിയും നല്‍കേണ്ട വസ്തുക്കള്‍ എന്തൊക്കെയാണെന്നു നമുക്കൊന്നു ചിന്തിക്കാം. വായു, ചന്ദ്രന്‍, സൂര്യന്‍, ബൃഹസ്പതി അഥവാ ഗുരു, ആ ഗുരുപരമ്പര ഇവരെല്ലാം അനുഗ്രഹിക്കണം. ഇനി നമുക്ക് മുകളില്‍ക്കാണുന്ന വസ്തുക്കള്‍ക്ക് ഭാരതീയ ആദ്ധ്യാത്മിക മണ്ഡലത്തിലും സാഹിത്യത്തിലും എന്തെല്ലാം സ്ഥാനമാണ് നല്‍കിയിട്ടുള്ളതെന്നു നോക്കാം.
വായു: വായു പ്രാണനാണ്. പ്രാണന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിക്കാന്‍ പ്രശ്‌നോപനിഷത്ത് പഠിക്കണം. നമ്മുടെ ശരീരത്തിലെ എല്ലാ മലങ്ങളും ഇല്ലാതാകാന്‍ അവശ്യം നാം പ്രാണായാമം ചെയ്യണം. എന്തിനാണ് ഇങ്ങനെ പ്രാണായാമം ചെയ്യുന്നതെന്നറിയുന്നത് ഈ സാഹചര്യത്തില്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. യോഗദര്‍ശനത്തില്‍ പറയുന്നു.
(2)പ്രാണായാമ സിദ്ധി ഉണ്ടായിക്കഴിയുമ്പോള്‍ ജ്ഞാനത്തിന്റെ ആവരണം ക്ഷയിക്കുന്നു. പ്രാണായാമം അഭ്യസിക്കുന്ന യോഗിയുടെ ജ്ഞാനത്തെ രജസ്തമോഗുണങ്ങള്‍ ആവരണം ചെയ്യുന്നു. ആ ആവരണങ്ങളെല്ലാം പ്രാണായാമംകൊണ്ട് നീങ്ങിപ്പോകുന്നു. പ്രാണായാമത്തേക്കാള്‍ വലിയ തപസ്സില്ലെന്ന് ശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം കാണാം. പ്രാണായാമം കൊണ്ട് ബാഹ്യവും ആഭ്യന്തരവുമായ പ്രയോജനങ്ങളുണ്ട്. നാം കഴിക്കുന്ന ആഹാരത്തില്‍ നിന്ന് രക്തം ഉണ്ടാകുന്നു. ആ രക്തത്തില്‍ ശരീരത്തിനു കേടുവരുത്തുന്ന അണുക്കളും കടന്നുകൂടുന്നു. രക്തം സിരകളില്‍ കൂടി ശ്വാസകോശത്തിലെത്തുന്നു. ശ്വാസകോശം ആ വിഷാണുക്കളെ പിടിച്ചുവയ്ക്കുകയും ശുദ്ധരക്തത്തെ ഹൃദയത്തിലെത്തിക്കുകയും ചെയ്യുന്നു. വിഷാണുക്കള്‍ നിശ്വാസത്തില്‍ക്കൂടി പുറത്തേക്ക് പോകുന്നു. പ്രാണായാമം ചെയ്യുമ്പോള്‍ വേഗത്തില്‍ ബലമായി ശ്വാസകോശത്തിലേക്ക് വായു എടുക്കുന്നതുകൊണ്ട് അതിന്റെ മുക്കിലും മൂലയിലും ഒളിഞ്ഞുകിടക്കുന്ന വിഷാണുക്കളെ ഇളക്കിമറിച്ച് ഉച്ഛ്വാസത്തോടുകൂടി വെളിയിലേക്ക് തള്ളുന്നു. ഈ കര്‍മ്മം സാധാരണയുള്ള ശ്വാസപ്രശ്വാസം കൊണ്ട് നടക്കുകയില്ല. ഒരു ഇളം കാറ്റ് മുറിയില്‍ അടിച്ചു കയറിയാല്‍ മുക്കിലും മൂലയിലുമുള്ള ദുഷിച്ച വായുവിനെ തള്ളി പുറത്താക്കാന്‍ അതിനു കഴിയുകയില്ല. എന്നാല്‍ ആഞ്ഞടിക്കുന്ന കാറ്റ് ഈ പ്രവൃത്തി ചെയ്യും. ശ്വാസകോശം ശുദ്ധമായി കഴിയുമ്പോള്‍ ശുദ്ധരക്തം ശരീരത്തില്‍ നിറയുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും.
പ്രാണായാമം ചെയ്ത് ശ്വാസകോശം വായുകൊണ്ട് നിറയ്ക്കുമ്പോള്‍ അതില്‍ കുറച്ച് വായു കണ്ഠനാളത്തില്‍ കൂടി കടന്ന് ഉദരത്തിലും കുടലിലും എത്തിച്ചേര്‍ന്ന് മലത്തെ പൂര്‍ണ്ണമായും വെളിയില്‍ തള്ളിക്കളയും. അങ്ങനെ പ്രാണായാമം ദിവസവും നിയമാനുസൃതം ചെയ്തുകൊണ്ടിരുന്നാല്‍ മലബന്ധം ഉണ്ടാവുകയില്ല. ഇങ്ങനെയുള്ള വായു കൂടുതലായി കുടലിലെത്തുമ്പോള്‍ അത് അപാന വായുവിനെ തള്ളി പുറത്തുകളയും. അങ്ങനെ അപാന വായുവിന് ദുര്‍ഗന്ധം ഉണ്ടാവുകയില്ല. അഭ്യസിക്കുന്നയാള്‍ രോഗരഹിതനുമാകും.
പ്രാണായാമം കൊണ്ട് ആത്മീയമായും പല പ്രയോജനങ്ങളുണ്ട്. പ്രാണനും അന്തഃകരണവും ശരീരത്തിന്റെ എല്ലാ ഭാഗത്തും പ്രാണനാഡികള്‍ വഴിയായി വ്യാപിച്ചിരിക്കുന്നു. ഇതിന്റെ രണ്ടിന്റേയും കേന്ദ്രം മസ്തിഷ്‌ക്കമാണ്. പ്രാണായാമം കൊണ്ട് പ്രാണനിരോധം അഭ്യസിച്ചാല്‍ നാഭിയ്ക്കു താഴെ പ്രവര്‍ത്തിക്കുന്ന അപാനവായു മുകളിലേക്ക് വലിയാന്‍ തുടങ്ങും. അതിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ സാധ്യമല്ല. കാരണം ശരീരം കീറിമുറിച്ച് പഠിച്ച ശാസ്ത്രകാരന്‍മാര്‍ കുണ്ഡലിനിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ യോഗികളുടെ അനുഭവം ഇവിടെ കുറിക്കാം.
നാഭിയുടെ അടിഭാഗത്തായി ഒരു മുടിയുടെ നൂറില്‍ ഒരു ഭാഗം മാത്രം വലിപ്പമുള്ള രക്തവര്‍ണമായ ഒരു സൂക്ഷ്മനാഡി രണ്ടുമൂന്ന് ചുറ്റുകളായി ചുറ്റിക്കിടപ്പുണ്ട്. അതാണ് കുണ്ഡലിനി. അതിന്റെ മുഖം സുഷുമ്‌നാ മുഖത്തു തന്നെയാണ്. അപാനന്‍ ഊര്‍ദ്ധ്വഗതി തുടങ്ങുമ്പോള്‍ ഇതിന്റെ ആഘാതംകൊണ്ട് ഈ ചുറ്റുകള്‍ അഴിയും. അത് സുഷുമ്‌നാ നാഡിയുടെ ഉള്ളില്‍ക്കൂടി മുകളില്‍ മസ്തിഷ്‌ക്കത്തില്‍ എത്തുന്നു. അതിനിടയിലുണ്ടാകുന്ന തടസ്സങ്ങളെ ചക്രങ്ങളെന്നു വിളിക്കാം. ആ ചക്രങ്ങള്‍ അഥവാ ഗ്രന്ഥികള്‍ തുറന്നു കഴിയുമ്പോള്‍ പ്രാണന്‍ സുഷുമ്‌നാ വഴിയായി നേരെ മസ്തിഷ്‌ക്കത്തില്‍ എത്തുന്നു. വിഭിന്ന ചക്രങ്ങളില്‍ പ്രാണന്‍ വന്നുമുട്ടുമ്പോള്‍ വിഭിന്ന ശബ്ദങ്ങള്‍ യോഗിക്ക് കേള്‍ക്കാന്‍ കഴിയും. വിഭിന്ന ആകൃതികള്‍ കാണാന്‍ കഴിയും. വഴി തുറന്നു കിട്ടുമ്പോള്‍ പ്രകാശവും പ്രകടമാകും. അപ്പോഴാണ് ചിത്തവൃത്തികള്‍ നിരോധിക്കപ്പെടുക. ഈ വൃത്തികള്‍ നിരോധിക്കപ്പെട്ടാല്‍ പ്രാണനാഡികള്‍ വഴിയായി പ്രാണന്‍ മസ്തിഷ്‌ക്കത്തിലേക്ക് പ്രവഹിക്കുന്നു. അതിനെയാണ് പ്രാണനിരോധം എന്നു പറയുന്നത്. ഇവിടെ പ്രാണന്‍ നിരോധിക്കപ്പെടുന്നു. ഇങ്ങനെ പ്രകാശത്തിന്റെ ആവരണത്തെ ഇല്ലാതാക്കാന്‍ പ്രാണന്‍ സഹായിക്കുന്നു. ഇതുതന്നെയാണല്ലോ ആത്മീയ ഉന്നതി.
ശരീരത്തില്‍ എട്ടു ചക്രങ്ങളുണ്ടെന്ന് അഥര്‍വ്വവേദത്തില്‍ പറഞ്ഞിട്ടുണ്ട്. സഹസ്രാരം, ആജ്ഞാചക്രം, വിശുദ്ധ ചക്രം, അനാഹതം, മണിപൂരം, സ്വാധിഷ്ടാനം, മൂലാധാരം എന്നിങ്ങനെ. ഇതില്‍ എട്ടാമത്തെ ചക്രം വിശുദ്ധിയ്ക്കും ആജ്ഞയ്ക്കും ഇടയിലാണ്. ലലനാചക്രമെന്ന് പേരുണ്ട്. ധ്യാനം കൊണ്ടോ പ്രാണന്റെ സമ്മര്‍ദ്ദം കൊണ്ടോ ഈ ചക്രങ്ങള്‍ ഒന്നൊന്നായി തുറക്കുമ്പോള്‍ ഇവയില്‍ ഭിന്നരീതിയിലുള്ള പ്രകാശം യോഗികള്‍ക്ക് കാണാന്‍ കഴിയും. ശരീരത്തിലെ നാഡികള്‍ ശുദ്ധമായിരുന്നാല്‍ ഈ ചക്രങ്ങളും ശുദ്ധമായിരിക്കും.
ഇഡ (ചന്ദ്രന്‍): ഈ സുഷുമ്‌നയുടെ ഇടത്തും വലത്തുമായി രണ്ട് നാഡികളുണ്ട്. ഇഡയും പിംഗളയും. ഇഡ ഇടത്തു ഭാഗത്തെ നാഡിയാണ്. ഇഡ സ്‌ത്രൈണമാണെന്നു പറയാം. മനോവാഹിനീ നാഡി എന്നൊരു പേരുകൂടി ഇതിനുണ്ട്. ഇടത്തേ മൂക്കിലൂടെയുള്ള ശ്വാസത്തെ ചാന്ദ്രശ്വാസമെന്നു പറയാറുണ്ട്. ഇഡയെ ചന്ദ്രനാക്കി ചിത്രീകരിക്കുന്നത് ഇതുകൊണ്ടാണ്. മനോവാഹിനീ നാഡിയായതിനാല്‍ ചന്ദ്രനെന്ന് ഇഡയെ വിളിക്കുന്നു. ‘ചന്ദ്രമാ മനസോ ജാത’ എന്ന് പുരുഷസൂക്തത്തിലും കാണാം.
പിംഗള (സൂര്യന്‍): സുഷുമ്‌നയ്ക്ക് വലത്തുള്ള നാഡി സൂര്യനായി കണക്കാക്കുന്നു. പിംഗള പൗരുഷത്തെ പ്രതിനിധീകരിക്കുന്നു. പിംഗള നാഡി ശാരീരിക ശക്തിയെ കൂടുതല്‍ ഊര്‍ജ്ജമുള്ളതാക്കുന്നു. ‘സൂര്യഭേദേന പ്രാണായാമ’ എന്നു പറയാറുണ്ട്.

വ്യാഴാഴ്ചയും ഗുരുവായൂരും തമ്മിലുള്ള ബന്ധമെന്താണ്?
എട്ടു ചക്രങ്ങളുള്ള ശരീരത്തില്‍ സഹസ്രാരത്തിന്റെ മുകളിലാണ് ബ്രഹ്മരന്ധ്രം. അവിടെയാണ് ഗുരുവും ഗുരുപരമ്പരയും സ്ഥിതി ചെയ്യുന്നത്.
ഈ അറിവുകള്‍ വെച്ച് നമുക്ക് ഋഗ്വേദ മന്ത്രത്തിലേക്ക് പ്രവേശിച്ചാല്‍ വായു സ്വസ്തിയേകണമെന്നു കേള്‍ക്കുമ്പോള്‍ അത് കേവലം വായു മാത്രമല്ല എന്നും ഇഡ, പിംഗള എന്നീ ചന്ദ്രസൂര്യന്മാരിലൂടെയുള്ള വായു അഥവാ പ്രാണായാമം കൊണ്ട് ജ്ഞാനത്തിന്റെ ആവരണം ഇല്ലാതാക്കലാണെന്ന് മനസ്സിലാക്കണം. അങ്ങനെ സൂര്യചന്ദ്രന്മാരായ പിംഗളയും ഇഡയും പ്രാണായാമമാകുന്ന സാധനയിലൂടെ സ്വസ്തമാകണമെങ്കില്‍ ഗുരുപരമ്പരയുടെ അനുഗ്രഹം വേണം. ഈ ഗുരുപരമ്പരയെയാണ് ‘ബൃഹസ്പതിം സര്‍വ്വഗണാഃ’ എന്ന പ്രസ്താവനയിലൂടെ ഋഗേ്വദം മുന്നോട്ടു വെയ്ക്കുന്നത്. സാധാരണ ആളുകള്‍ ഗുരുവിനെ നമസ്‌കരിക്കുന്നത് പാദങ്ങളിലാണ്. ആ പാദങ്ങള്‍ ശിഷ്യന്റെ ബ്രഹ്മരന്ധ്രത്തില്‍ സ്പര്‍ശിച്ച് ഗുരുവിന്റേയും ഗുരുപരമ്പരയുടേയും സ്വസ്തി ശിഷ്യന് ലഭിക്കുന്നൂവെന്ന് സാരം. അങ്ങനെ ഗുരുവിന്റെയും പരമ്പരയുടേയും അനുഗ്രഹം വന്നു ചേരുന്നതോടെ പ്രാണാപാനങ്ങളെ നിയന്ത്രിക്കുന്ന രീതി നാം സ്വായത്തമാക്കും. ആ സാധനയ്ക്കുള്ള അറിവ് ശിഷ്യര്‍ക്കു നല്‍കുന്നത് ബൃഹസ്പതി അഥവാ ഗുരുവാണല്ലൊ. ബൃഹസ്പതി എന്നതിന് വ്യാഴമെന്നും അര്‍ത്ഥമുണ്ടല്ലൊ. അതിനാലാവണം ഗുരുവായൂരില്‍ വ്യാഴാഴ്ച പ്രധാന ദിവസമായി മാറിയത്. ഇതുകൊണ്ടായിരിക്കാം ഗുരുവിനെ സ്വശിരസ്സില്‍ ന്യസിക്കുന്ന പദ്ധതി പിന്നീട് നിലവില്‍ വന്നത്. ഈ മന്ത്രത്തില്‍ രണ്ടാമതൊരു സൂര്യന്‍ കൂടി കടന്നു വരുന്നുണ്ടല്ലൊ. ആ സൂര്യന്‍ സാക്ഷാല്‍ പരമാത്മാവു തന്നെയാണ്. പരമാത്മ ജ്ഞാനത്തിലൂടെ നമ്മുടെ ഉള്ളില്‍ ആയിരം സൂര്യന്‍മാര്‍ ഒന്നിച്ചുദിച്ചുയര്‍ന്ന അനുഭവമുണ്ടാകും.
അപ്പോള്‍ മുഖ്യമായി രണ്ടു തത്ത്വങ്ങളാണ് പരമാത്മ സാക്ഷാത്ക്കാരത്തിനു വേണ്ടത്. ഒന്ന്, വായുവിനെ നിയന്ത്രണത്തില്‍ വരുത്തുക. രണ്ട്, ഗുരുവിന്റേയും ഗുരുപരമ്പരയുടേയും അനുഗ്രഹം ഉണ്ടാവുക. അങ്ങനെ ഇഡ, പിംഗള എന്നീ നാഡികളുടെ സഹായത്തോടെ ആത്മജ്യോതിസ്സിനെ സാക്ഷാത്കരിക്കുക. ഇവിടെ വായുവും ഗുരുവും ചേരുന്ന ഇടം ഒരു സാധകന്റെ ശരീരമാണെന്നു കാണാം. ഇതേ അര്‍ത്ഥത്തില്‍ എട്ടു ചക്രങ്ങളും ഒന്‍പതു ദ്വാരങ്ങളുമുള്ള അയോദ്ധ്യയും മാനവശരീരമാണെന്ന് അഥര്‍വ്വവേദത്തില്‍ പറയുന്നുണ്ട്.
അങ്ങനെ പരമാത്മചൈതന്യത്തെ അനുഭവിക്കുന്നതിന് യോഗ്യമായ സാധനാചിന്തയാണ് ഗുരുവായൂര്‍. അതുകൊണ്ടായിരിക്കാം മേല്പത്തൂര്‍ നാരായണഭട്ടതിരിയുടെ വാതരോഗത്തിനും നാരായണീയ രചനയുമായി ബന്ധപ്പെട്ട കഥയ്ക്കും ഈ വായുവുമായി ബന്ധമുണ്ടായത്. ഗുരുവായൂരിലെ വായു പ്രാണനാണല്ലൊ. ഇവിടെ മേല്പത്തൂരിന്റെ രോഗം വാതമാണ്. വാതം പ്രാണനുമായി ബന്ധമുള്ള ഒന്നാണല്ലൊ. യാസ്‌ക്കന്‍ എന്ന നിഘണ്ടു കര്‍ത്താവ് ഇക്കാര്യം പറയുന്നുമുണ്ട്.(3) ഈ വാതരോഗം ശമിപ്പിക്കാന്‍ മേല്പത്തൂരിന് ഗുരുവിന്റേയും വായുവിന്റേയും അനുഗ്രഹം ആവശ്യമാണ്. ഒപ്പം മീന്‍ തൊട്ടുകൂട്ടുകയും ചെയ്യാം. നാരായണീയത്തിലെ നാലാം ദശകം ഈ പ്രയോഗപദ്ധതിയുടെ യഥാര്‍ത്ഥരഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഭട്ടതിരി തൊട്ടുകൂട്ടിയ മീന്‍ എന്താണ്?
നാരായണീയത്തിന്റെ നാലാം ദശകത്തില്‍ ഒന്നാമത്തെ ശ്ലോകത്തില്‍ ഉപാസനയുടെ അംഗങ്ങള്‍ അഷ്ടാംഗയോഗമാണെന്ന് വ്യക്തമായിത്തന്നെ മേല്പത്തൂര്‍ പറയുന്നുണ്ട്. ‘ഭഗവാനേ, അങ്ങയെ ഉപാസിക്കുന്നതിനു വേണ്ട ആരോഗ്യം എനിയ്ക്കുണ്ടാകണമേ. എത്രയും പെട്ടെന്നു തന്നെ പരിപൂര്‍ണമായ അഷ്ടാംഗയോഗത്താല്‍ അങ്ങയെ പ്രാപിക്കുമാറാകട്ടെ.” യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ട് അംഗങ്ങള്‍. പതഞ്ജലിയുടെ യോഗശാസ്ത്രം അനുസരിച്ചുള്ള ഈ അഷ്ടാംഗയോഗം വേദവിദിതമാണ്. സാംസാരിക ലോകത്ത് താന്‍ വലിയവനാണെന്നും മറ്റുള്ളവരെല്ലാം തീരെ ചെറുതാണെന്നും കരുതുന്നത് അര്‍ബ്ബുദം (ഇമിരലൃ) ആണെന്ന് ഋഗ്വേദത്തില്‍ പറയുന്നുണ്ട്. ഭട്ടതിരിപ്പാടിന്റെ വാതരോഗത്തിനും ഒരു ഗുരുബന്ധമുണ്ട്. ഗുരുവിന്റെ ശരീരത്തില്‍ നിന്ന് തന്റെ ശരീരത്തിലേക്ക് മാറ്റിയതാണ് ഈ രോഗം. ഇവിടെ ഈ കാഴ്ചപ്പാട് ഗുരുപരമ്പരയുടെ സാധനാപദ്ധതിയുമായാണ് കൂടുതല്‍ യോജിക്കുക. കേവലം ഭജനം കൊണ്ട് വാതരോഗം മുക്തമാകുന്നുവെന്നതിന് സാധന എന്നൊരു അര്‍ത്ഥം കൂടി നാം കാണേണ്ടതുണ്ടെന്ന് സാരം. നാലാം ദശകം പൂര്‍ണമായും യോഗത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്ന് നാം വിസ്മരിക്കരുത്. ഈ അധ്യായത്തിലെ മൂന്നാം ശ്ലോകം നമുക്ക് നോക്കാം.
‘പ്രണവത്തെ ഉള്ളില്‍ സദാ അനുചിന്തനം ചെയ്ത് പ്രാണവായുവിനെ നല്ലവണ്ണം നിയന്ത്രിച്ച് നിര്‍മ്മലരായിത്തീരുക. തുടര്‍ന്ന് വിഷയങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളെ മാറ്റി ജഗദീശ്വന്റെ ഉപാസനയില്‍ മുഴുകി ഇരുന്നുകൊള്ളും.”(4) ഈ പ്രാണായാമത്തില്‍ മുഴുകുമ്പോള്‍ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് മേല്പത്തൂര്‍ ഒന്‍പതാമത്തെ ശ്ലോകത്തില്‍ വിശദീകരിക്കുന്നു.
‘ഭഗവാനേ, അങ്ങ് നിത്യനാണ്. അങ്ങയില്‍ സമാധിയായി കഴിഞ്ഞ് ഉടനോ ക്രമമായോ മോക്ഷം പ്രാപിക്കാന്‍ പ്രാണായാമാദികള്‍ കൊണ്ട് വശത്തായിത്തീരുന്ന അനിലനെ ഷഡാധാരങ്ങളോടുകൂടിയ സുഷുമ്‌നയിലൂടെ സാവധാനം മുകളിലേക്ക് നയിക്കുന്നു.”(5)
ഈ ആധാരങ്ങളുടെ കുണ്ഡലിനീ ശക്തിയും, സുഷുമ്‌നയുമൊക്കെ പതഞ്ജലിയുടെ യോഗദര്‍ശനത്തിലെ ഒരു സൂത്രമുദ്ധരിച്ച് നേരത്തെ വിശദീകരിച്ചതാണ്. നാരായണീയത്തില്‍ ഇത്രയധികം പ്രാധാന്യത്തോടെ അഷ്ടംാഗയോഗമാര്‍ഗം മേല്പത്തൂര്‍ എന്തുകൊണ്ട് വിശദീകരിച്ചുവെന്ന് കാണുമ്പോള്‍ നമുക്ക് മനസ്സിലാക്കാം മേല്പത്തൂര്‍ ഗുരുവായൂരിന്റെ രഹസ്യം മനസ്സിലാക്കിയെന്ന്. തുടര്‍ന്ന് 11-ാം ശ്ലോകം എത്തുമ്പോഴേക്കും ബൃഹദാരണ്യകോപനിഷത്തില്‍ വര്‍ണ്ണിച്ചിട്ടുള്ള ജീവാത്മാവിന്റെ ഗതി വിശദമാക്കുന്നുണ്ട് മേല്പത്തൂര്‍, സ വായുമാഗച്ഛതി, തേന സ ഊര്‍ദ്ധ്വമാക്രമതേ, സ ആദിത്യമാഗച്ഛേ, ആദിത്യാച്ചന്ദ്രമസം ചന്ദ്രമസോ വിദ്യുതം, എന്നീ അര്‍ത്ഥങ്ങളില്‍ വരുന്ന കാഴ്ചപ്പാടുകളെല്ലാം ഈ ശ്ലോകത്തില്‍ കടന്നുവരുന്നു.
‘ഭഗവാനില്‍ മാത്രം തത്പരനായ ജീവന്‍ അഗ്നി, പകല്‍ ശുക്ലപക്ഷം, ഉത്തരായണം എന്നിവയില്‍ അധിഷ്ഠിതങ്ങളായ ദേവതകളാല്‍ സൂര്യപദത്തില്‍ എത്തിക്കപ്പെട്ടവനായി ധ്രുവപദത്തിന്റെ അതിര്‍ത്തിയില്‍ എത്തുന്നു.” (6)
അത്ഭുതകരമാണ് നാരായണീയത്തിന്റെ ഈ യോഗമാര്‍ഗം. ഇതുതന്നെയാണ് മത്സ്യം തൊട്ടുകൂട്ടുന്നതും. ശരീരത്തില്‍ സുഷുമ്‌നയുടെ മത്സ്യരൂപം താഴെ വരയ്ക്കാം.
ഇവിടെ ഇഡയും പിങ്ഗളയും ചേര്‍ന്നുണ്ടാകുന്ന മത്സ്യരൂപത്തെ നമുക്കിവിടെ കാണാം. (7) ഗംഗാ-യമുന (ഇഡ-പിംഗള)യില്‍ പ്രവഹിക്കുന്ന ശ്വാസപ്രശ്വാസരൂപമായ മത്സ്യത്തെക്കുറിച്ച് താന്ത്രികഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.
മേല്പത്തൂര്‍ ഈ മത്സ്യത്തെയാണ് വായുകൊണ്ട് തൊട്ടുകൂട്ടുന്നത്. അതിന് അദ്ദേഹത്തിന് അനുഗ്രഹമാകുന്നതോ ഗുരുത്വവും. ഇത് ഗുരുവായൂരില്‍ ചെന്നു തന്നെ ചെയ്യണം. സ്വന്തം ശരീരത്തില്‍ തപസ്വി തന്നെ അതു ചെയ്യണം. അങ്ങനെ ചെയ്താല്‍ ഗുരുപവനപുരമായി സ്വദേഹം മാറും.
സത്യത്തില്‍ നാരായണീയം ഒരു സാധകന്റെ കൈപ്പുസ്തകമാണെന്നു പറയാം. അസാധാരണമായ യോഗമാര്‍ഗങ്ങള്‍ ഇതിനകത്ത് ഒളിഞ്ഞുകിടപ്പുണ്ട്. സാധകന്മാര്‍ക്ക് അതു കാണാന്‍ പ്രയാസമുണ്ടാവില്ല. അതിനുള്ള മറ്റൊരു തെളിവുകൂടി ഇവിടെ എഴുതാം.
ആറാം ദശകത്തിലെത്തുമ്പോള്‍ നാം കേട്ടിട്ടുള്ള പ്രശസ്തമായ കേശപാശധൃത പിഞ്ഛികാ എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ അതീവരസകരമായി ഒളിപ്പിച്ചിട്ടുള്ള ഒരു പ്രസ്താവം, ‘മകരകുണ്ഡലം’ എന്തുകൊണ്ട് രാസക്രീഡയില്‍ തന്നെ വന്നു ചേര്‍ന്നു? മൂലാധാരം കഴിഞ്ഞ് ജീവന്‍ എത്തുന്നത് സ്വാധിഷ്ഠാന ചക്രത്തിലാണ്. സ്വാധിഷ്ഠാന ചക്രത്തില്‍ ജീവന്‍ എത്തുമ്പോള്‍ അയാളുടെ ശാരീരികവും മാനസികവുമായ കാഴ്ചപ്പാടുകളില്‍ ഇന്ദ്രിയങ്ങളോടുള്ള അഭിനിവേശം കടന്നുവരുന്നു. എട്ടു മുതല്‍ 14 വയസ്സു വരെ ഒരാള്‍ കാണിക്കുന്ന താത്പര്യങ്ങള്‍ ഇവിടേക്ക് കടന്നുവരാം. ശൃംഗാരവും സംഗീതവും ഇവിടെ കടന്നുവരുന്നു. ഈ സ്വാധിഷ്ഠാന ചക്രത്തിന്റെ ദേവത വിഷ്ണുവാണ്. നിറമാകട്ടെ ഇളം നീലയും. വസ്ത്രമാകട്ടെ ഇളം മഞ്ഞയും. ഈ ചക്രത്തിലെ ബീജമന്ത്രങ്ങളുടെ വാഹനം മകരമാണ്. ഇഴഞ്ഞു നീങ്ങുന്ന മുതല സ്വാധിഷ്ഠാന ചക്രത്തിലെത്തിയ സാധകന്റെ ഇന്ദ്രിയങ്ങളോടുള്ള താത്പര്യത്തെയാണ് കുറിക്കുന്നത്. മുതല പലതരത്തിലുള്ള സൂത്രങ്ങളിലൂടെയാണല്ലൊ ഇര പിടിക്കുന്നത്. ഒഴുക്കിലും, വീഴുന്നതിലും, ആഴങ്ങളിലേക്ക് ഊളിയിടുന്നതിലും മുതല താത്പര്യം കാണിക്കുന്നു. ലൈംഗിക ശക്തിയും കരുത്തുറ്റതാണ്. ലൈംഗിക ശക്തി കൂട്ടുന്നതിനായി ഒരു കാലത്ത് മുതലയുടെ കൊഴുപ്പ് ഉപയോഗിച്ച് മരുന്നുണ്ടാക്കിയിരുന്നു. ഈ സ്വഭാവ വിശേഷങ്ങളൊക്കെ രണ്ടാം ചക്രത്തിലെത്തിയവര്‍ക്കുണ്ടാകും. രാസകേളിയില്‍ത്തന്നെ ‘മകര’ മെന്ന വാക്ക് എന്തുകൊണ്ട് മേല്പത്തൂര്‍ ഉപയോഗിച്ചുവെന്ന് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ പ്രയോഗം മതി. കാരണം ശൃംഗാരപൂര്‍ണമായ ചിന്തകളേയും ലൈംഗികശക്തിയേയും സാധകന്‍ സ്വന്തം വരുതിയില്‍ നിറുത്താന്‍ പഠിക്കണം.

ആദിശങ്കരാചാര്യരെ കടിച്ച മുതല
ആദിശങ്കരാചാര്യരെ കടിച്ചതും ഇതേ മുതല തന്നെയാണ്. ഇവിടെ പുഴയില്‍ ഇറങ്ങിയ ആചാര്യ ശങ്കര ഭഗവദ് പാദര്‍ ആവശ്യപ്പെടുന്നത് പ്രപഞ്ച മാതാവിനോട് സംന്യാസിക്കാനുള്ള അനുമതിയാണ്. രണ്ടാം ചക്രമായ സ്വാധിഷ്ഠാനത്തില്‍ നിന്നുള്ള മോചനം. സ്വാധിഷ്ഠാനം ജലതത്ത്വപ്രധാനമാണ്. കാലടിയിലെ പെരിയാറ്റിലെ മുതല കടിച്ച കഥയും ഒരുപക്ഷേ ഇത്തരത്തില്‍ സാധനയുമായി ബന്ധപ്പെട്ട ഒരു കഥയായിരിക്കാം. എന്തായാലും പ്രാണാപാനന്മാരെ വേണ്ടവിധത്തില്‍ ഇഡ (ചന്ദ്രന്‍)- പിംഗള (സൂര്യന്‍) എന്നിവയെ സ്വസ്തിയേകാന്‍ പ്രാപ്തമാക്കുന്ന ഗുരുവിന്റേയും ഗുരുപരമ്പരയുടേയും അനുഗ്രാശിസ്സുകളുള്ള താപസന്റെ ശരീരം തന്നെയാണ് ഗുരുപവനപുരി. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഐതീഹ്യത്തില്‍ കടന്നുവരുന്ന കഥകളിലെല്ലാം ഈയൊരു സാധനയുടേയും തപസ്സിന്റേയും തത്ത്വങ്ങള്‍ കാണാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെ.
……………………………………………………………………………………………………..

1. ഓം സ്വസ്തയേ വായുമുപബ്രവാമഹൈ
സോമം സ്വസ്തി ഭുവനസ്യയസ്പതിഃ
ബൃഹസ്പതിം സര്‍വ്വഗണം സ്വസ്തയേ
സ്വസ്തയ ആദിത്യാസോ ഭവന്തു നഃ (ഋഗേ്വദം 5.51.12)
2. തതഃ ക്ഷീയതേ പ്രകാശാവരണം. (സമാധിപാദം .52)
3. വായു-വാതേര്‍വേത്തേര്‍വാസ്യാത് ഗതികര്‍മണഃ (നിരുക്തം 10.1)
4. താരമന്തനുചിന്ത്യ സന്തതം പ്രാണവായുമഭിയമ്യനിര്‍മ്മലാ
ഇന്ദ്രിയാണി വിഷയാദഥാപഹൃത്യാളസ്മഹേ ഭവഭുപാസനോന്മുഖാഃ
5. ത്വത്സമാധിവിജയേ തു യഃ പുനര്‍മംക്ഷു മോക്ഷരസികഃ ക്രമേണ വാ
യോഗവശ്യമനിലം ഷഡാശ്രയൈരുന്നയത്യജ സുഷ്മ്‌നയാ ശനൈ
6. അഗ്നിവാസരവളര്‍ക്ഷപക്ഷഗൈരുത്തരായണജുഷാ ച ദൈവതൈഃ
പ്രാപിതോ രവിപദം ഭവത്പരോമോദവാന്‍ ധ്രുവപദാന്തമീയതേ
7. ഗംഗായമുനയോര്‍മധ്യേ മത്സ്യൗ ദ്വൗ ചരതഃ സദാ തൗ മത്സൗ ദക്ഷയേദ്യസ്തു
സ ഭവേന്മത്സ്യ സാധകഃ (പരശുരാമകല്പസൂത്രം)