Articles, Spiritual (Malayalam)

യഥാര്‍ത്ഥ സന്ന്യാസി ആരാണ്?

മനുഷ്യ ജീവിതത്തെ നാല് ആശ്രമങ്ങളായാണ് സനാതനധര്‍മം വിഭജിക്കുന്നത്. ഗുരുകുലത്തില്‍ വസിച്ച് വ്രതചര്യയോടെയുള്ള പഠന കാലയളവിനെ ബ്രഹ്മചര്യാശ്രമം എന്നും, ശേഷം വിവാഹം കഴിച്ച് ധനാര്‍ജനവും പുത്രോത്പാദനവും നടത്തി കുടുംബജീവിതം നയിക്കുന്നതിനെ ഗൃഹസ്ഥാശ്രമം എന്നും, ഗൃഹസ്ഥജീവിതത്തിനുശേഷം ജ്ഞാനാര്‍ജനത്തിനും ഈശ്വരോപാസനയിലും ശ്രദ്ധവെയ്ക്കുന്നതിനായി ഏകാന്തതയില്‍ കഴിയുന്നതിനെ വാനപ്രസ്ഥാശ്രമം എന്നും, സര്‍വ സംഗങ്ങളെയും പരിത്യജിച്ച് ലോകോപകാരാര്‍ഥം ധര്‍മോപദേശം ചെയ്ത് ദേശദേശാന്തരങ്ങളില്‍ സഞ്ചരിക്കുകയും അവസാനം ഈശ്വരനില്‍ വിലയം പ്രാപിക്കുകയും ചെയ്യാനുള്ള കാലഘട്ടത്തെ സന്ന്യാസാശ്രമം എന്നും ഋഷിമാര്‍ വിളിച്ചു.

ബ്രഹ്മചര്യത്തിനുശേഷം ഗാര്‍ഹസ്ഥ്യവും ശേഷം വാനപ്രസ്ഥവും അതിനുശേഷം സന്ന്യാസവും എന്ന സാമാന്യക്രമമാണ് ശ്രുതിയായ ശതപഥബ്രാഹ്മണത്തില്‍ എല്ലാ മാനവര്‍ക്കുമായി ഉപദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഭൗതികജീവിതത്തോട് വിരക്തി കൈവന്നാല്‍ വാനപ്രസ്ഥത്തില്‍നിന്നോ ഗൃഹസ്ഥാശ്രമത്തില്‍നിന്നോ ബ്രഹ്മചര്യാശ്രമത്തില്‍നിന്നോ സന്ന്യാസം സ്വീകരിച്ചുകൊള്ളണം എന്നും ശ്രുതിയില്‍ നിര്‍ദ്ദേശമുണ്ട് (ജാബാലോപനിഷത്ത് നാലാം ഖണ്ഡം).

അതായത് ബ്രഹ്മചര്യാശ്രമത്തില്‍നിന്നും നേരിട്ട് സന്ന്യാസം സ്വീകരിക്കുന്നതില്‍ തെറ്റില്ല, അവന്‍ വൈരാഗ്യം അഥവാ വിരക്തി കൈവന്നവനാണെങ്കില്‍. ഇത്തരത്തില്‍ ചെറുപ്പത്തിലേ വൈരാഗ്യം സിദ്ധിച്ചവര്‍ തുലോം കുറവായിരിക്കും. എന്നാല്‍ ഇന്ന് ഭാരത്തിലെ ഹിന്ദുസന്ന്യാസികളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ഗൃഹസ്ഥാശ്രമത്തിലൂടെ കടന്നുപോകാതെ നേരിട്ട് സന്ന്യാസം സ്വീകരിച്ചവരാണ്. അവരില്‍ സന്ന്യാസത്തിന് യോഗ്യരായവരും അല്ലാത്തവരും ഉണ്ട്.

കുടുംബജീവിതത്തിന്റെ തകര്‍ച്ച, പ്രേമനൈരാശ്യം, സാമ്പത്തികമായ പരാധീനത തുടങ്ങിയവ കാരണം ജീവിത പരാജയത്തെ സ്വയം വരിച്ച് ഒരു അഭയസ്ഥാനമെന്നവണ്ണം സന്ന്യാസം സ്വീകരിച്ചവരുമുണ്ട്. വിരജാഹോമം ചെയ്ത് വിധിപ്രകാരം സംന്യാസദീക്ഷ സ്വീകരിക്കാതെ ഒരു കാവിയെടുത്തണിഞ്ഞ് സ്വയം സന്ന്യാസിയായി പ്രഖ്യാപിക്കുന്നവരുമുണ്ട്. ആളുകളെ പറ്റിക്കാന്‍ ഒരു നല്ല ഉപാധിയാണ് സന്ന്യാസമെന്ന് മനസ്സിലാക്കി, കാവിക്കുള്ളില്‍ സ്വന്തം കള്ളത്തരങ്ങള്‍ മറച്ച് ജീവിക്കുന്ന പൂച്ചസന്ന്യാസിമാരുമുണ്ട്. അതിനാല്‍തന്നെ സന്ന്യാസമെന്ന ആ മഹത്തായ സങ്കല്പം ഒട്ടേറെ തെറ്റിദ്ധാരണകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അവസ്ഥാവിശേഷമാണ് ഇന്നുള്ളത്.

സന്ന്യാസത്തെക്കുറിച്ച് കഠോപനിഷത്തിന്റെ കാഴ്ചപ്പാടുകള്‍ ഇപ്രകാരമാണ്:
‘ദുരാചാരങ്ങളെ ത്യജിക്കാത്തവനും, ശാന്തസ്വഭാവിയല്ലാത്തവനും, യോഗസിദ്ധി സമ്പാദിക്കാത്തവനും, മനസ്സിനു ശാന്തതയുണ്ടായിട്ടില്ലാത്തവനുമായ ഒരുവന്‍ സന്ന്യാസം സ്വീകരിക്കുന്നതായാലും പ്രജ്ഞാനംകൊണ്ട് പരമാത്മാവിനെ പ്രാപിക്കുന്നതല്ല’ (കഠോപനിഷത്ത് 2.33) അതിനാല്‍ ‘ബുദ്ധിമാനായ സന്ന്യാസി വാക്ക്, മനസ്സ് എന്നിവയെ അധര്‍മത്തില്‍നിന്നും പിന്‍വലിച്ച് അവയെ ജ്ഞാനത്തിലും ആത്മാവിലും നിര്‍ത്തണം. പിന്നീട് ആ ജ്ഞാനത്തെയും ആത്മാവിനെയും പരമാത്മാവില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ആ വിജ്ഞാനത്തെ ശാന്തസ്വരൂപമായ ആത്മാവില്‍ ദൃഢമായി പ്രതിഷ്ഠിക്കുകയും വേണം.’ (കഠോപനിഷത്ത് 3.13)

മുണ്ഡകോപനിഷത്ത് പറയുന്നതു കാണുക: ‘ലൗകികങ്ങളായ സകല സുഖങ്ങളും കര്‍മംകൊണ്ട് സമ്പാദിക്കപ്പെട്ടവയാണെന്ന് കണ്ടറിഞ്ഞ്, ബ്രാഹ്മണന്‍- സന്ന്യാസി- വൈരാഗ്യം പ്രാപിക്കേണ്ടതാകുന്നു. എന്തെന്നാല്‍ അകൃതമായിട്ടുള്ള യാതൊരു കര്‍മംകൊണ്ടും ഉണ്ടാക്കപ്പെടാത്തതായ പരമാത്മാവ് കര്‍മംകൊണ്ട് മാത്രം പ്രാപിക്കപ്പെടുകയില്ല. അതിനാല്‍, ഗുരുവിന് സമര്‍പ്പിക്കാനായി കുറച്ചു വല്ലതും കൈയിലെടുത്തുകൊണ്ട്, വിദ്യാസമ്പന്നനും പരമേശ്വരനെ അറിഞ്ഞവനുമായ ശ്രീ ഗുരുവിന്റെ അടുക്കലേക്ക് ജ്ഞാനം സമ്പാദിക്കുവാനായി പോവുകയും അവിടെ ചെന്ന് സകല സംശയങ്ങളെയും തീര്‍ത്തുകൊള്ളുകയും ചെയ്യണം.’ (മുണ്ഡകോപനിഷത്ത് 1.2.12)

ശതപഥ ബ്രാഹ്മണത്തില്‍ സന്ന്യാസിമാരെക്കുറിച്ച് പറയുന്നത്, ‘ലോകത്തിലുള്ള ബഹുമാനം, ലാഭം, ധനംകൊണ്ടുള്ള സുഖാനുഭവം, മാന്യന്മാരായ പുത്രാദികള്‍ എന്നിവയിലുള്ള ആഗ്രഹം വെടിഞ്ഞ്, സന്ന്യാസിമാര്‍ ഭിക്ഷുകന്മാരായി രാവും പകലും മോക്ഷസാധനങ്ങള്‍ സമ്പാദിക്കുന്നതില്‍ ജാഗരൂകരായിരിക്കുന്നു.’ (ശതപഥ ബ്രാഹ്മണം 14.6.4.1) എന്നാണ്.
ഇങ്ങനെ പ്രാചീനശാസ്ത്രങ്ങളെല്ലാംതന്നെ സന്ന്യാസിക്കുവേണ്ട പ്രധാനഗുണങ്ങളെ അടിവരയിട്ടു പ്രസ്താവിക്കുന്നു. വിഷയസുഖങ്ങളില്‍നിന്നും വിരക്തി നേടുകയും ജ്ഞാനാര്‍ജനത്തിലും ഈശ്വരോപാസനയിലും ശ്രദ്ധവെച്ചുപുലര്‍ത്തുന്നവനുമായിരിക്കണം ഒരു സന്ന്യാസി. ധൃതി, ക്ഷമ, ദമം, അസ്‌തേയം, ശൗചം, ഇന്ദ്രിയനിഗ്രഹം, ധീ, വിദ്യ, സത്യം, അക്രോധം തുടങ്ങി പത്തു ലക്ഷണങ്ങളോടുകൂടിയ ധര്‍മത്തില്‍ ചരിക്കുക എന്നത് സകല മനുഷ്യരും ഒരുപോലെ പാലിക്കേണ്ടതാകുന്നു. എന്നാല്‍ ഇതുകൂടാതെ സന്ന്യാസിക്കു വിശേഷമായും പാലിക്കേണ്ടുന്ന ധര്‍മചര്യയെക്കുറിച്ച് മനുസ്മൃതി പറയുന്നതു കാണുക:

‘സന്ന്യാസി വഴിയിലൂടെ നടക്കുമ്പോള്‍ അങ്ങുമിങ്ങും നോക്കാതെ, താഴെ നോക്കി നടക്കേണ്ടതാകുന്നു. തുണികൊണ്ടരിച്ചെടുത്ത വെള്ളം കുടിക്കുക, നിരന്തരം സത്യം മാത്രം പറയുക. സത്യത്തെ സ്വീകരിക്കാനും അസത്യത്തെ ത്യജിക്കുവാനുമുള്ള വിചാരം സദാ മനസ്സില്‍ വെച്ചുപുലര്‍ത്തുക.’
(മനു. 6.46)

‘അന്യന്മാര്‍ക്ക് ഉപദേശം കൊടുക്കുമ്പോഴോ അന്യന്മാരോട് സംഭാഷണം ചെയ്തുകൊണ്ടിരിക്കുന്ന സമയത്തോ ആരെങ്കിലും സന്ന്യാസിയോട് കോപിക്കുകയോ സന്ന്യാസിയെ നിന്ദിക്കുകയോ ചെയ്താല്‍ സന്ന്യാസി അവരോട് കോപിക്കാതെ അവര്‍ക്ക് ശ്രേയസ്സുണ്ടാക്കത്തക്കവണ്ണമുള്ള ഉപദേശങ്ങള്‍ കൊടുക്കുക മാത്രമേ ചെയ്യാവൂ. മുഖം (വായ്), രണ്ട് നാസാദ്വാരങ്ങള്‍, രണ്ട് കണ്ണുകള്‍, രണ്ട് കര്‍ണ്ണങ്ങള്‍ എന്നിങ്ങനെ ഏഴു ദ്വാരങ്ങളില്‍കൂടി പുറപ്പെടുന്നതായ വാക്കിനെ ഒരിക്കലും ഒരു കാരണംകൊണ്ടും അസത്യമായി പറയരുത്.’ (മനു. 6.48)
‘അവനവന്റെ ജീവാത്മാവിലും പരമാത്മാവിലും സ്ഥിരമായി രമിച്ചുകൊണ്ട് ആഗ്രഹങ്ങളെല്ലാം വെടിഞ്ഞ് മദ്യ-മാംസാദികളെ വര്‍ജിച്ച്, സ്വാത്മാവിന്റെ സഹായംകൊണ്ടുണ്ടാവുന്ന സുഖത്തില്‍ മാത്രം അഭിലാഷംപൂണ്ട്, ധര്‍മം, വിദ്യ എന്നിവയുടെ അഭിവൃദ്ധിക്കുതകുന്നതായ ഉപദേശങ്ങള്‍ നല്‍കുവാനായി എന്നും ഈ ലോകത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കണം.’ (മനു. 6.49)

‘നഖം, മുടി, മുഖരോമങ്ങള്‍ എന്നിവയെല്ലാം മുറിച്ചുകളഞ്ഞ് കമണ്ഡുലുവും (കിണ്ടി), ദണ്ഡും കയ്യിലേന്തി കാവി മുക്കിയ വസ്ത്രങ്ങളുടുത്ത് നിശ്ചിതാത്മാവായി ഒരു ജീവിയെയും പീഡിപ്പിക്കാതെ എല്ലായിടത്തും സഞ്ചരിച്ചുകൊണ്ടിരിക്കണം.’ (മനു. 6.52)
‘അവനവന്റെ ഇന്ദ്രിയങ്ങളെ അധര്‍മം പ്രവര്‍ത്തിക്കുന്നതില്‍നിന്ന് പിന്‍വലിച്ച് സ്വാധീനപ്പെടുത്തി രാഗ-ദ്വേഷങ്ങളെ ത്യജിച്ച്, സകല ജീവജാലങ്ങളോടും വൈരം വെടിഞ്ഞ് പെരുമാറിക്കൊണ്ട്, മോക്ഷം സമ്പാദിക്കാനുള്ള സാമര്‍ഥ്യത്തെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കണം.’ (മനു. 6.60)

‘ഏതെങ്കിലും ഒരു ആശ്രമത്തിലിരിക്കുന്ന പുരുഷന്‍- ഇവിടെ സന്ന്യാസി- ആരെങ്കിലും തന്നെ സ്തുതിക്കുകയോ ദുഷിക്കുകയോ എന്തുതന്നെ ചെയ്താലും സര്‍വപ്രാണികളോടും പക്ഷപാതം കൂടാതെ പെരുമാറിക്കൊണ്ട് സ്വയം ധര്‍മമനുഷ്ഠിക്കുകയും അന്യന്മാരെ ധര്‍മാനുഷ്ഠാനത്തില്‍ പരന്മാരാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യണം. ദണ്ഡ്, കമണ്ഡലു, കാഷായവസ്ത്രം മുതലായ ചിഹ്നങ്ങള്‍ ധരിക്കുന്നതുകൊണ്ടു മാത്രം ധര്‍മമുണ്ടാവുകയില്ലെന്നും മനുഷ്യന്‍ മുതലായ സകല പ്രാണികള്‍ക്കും സത്യോപദേശം കൊണ്ടും വിദ്യാദാനം കൊണ്ടും ഉന്നതിയുണ്ടാക്കുകയാണ് ഒരു സന്ന്യാസിയുടെ പ്രധാന ധര്‍മമെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.’ (മനു. 6.66)
ശ്രീമദ് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ എന്താണ് സന്ന്യാസത്തിനര്‍ഥം എന്ന് പറയുന്നുണ്ട്.

‘കാമ്യാനാം കര്‍മണാം ന്യാസം സന്ന്യാസം’ (ഗീത 18.2)-കാമത്തില്‍നിന്നും ജനിക്കുന്ന കര്‍മങ്ങളെ ന്യസിക്കുക അഥവാ വെടിയുക എന്നതാണ് സന്ന്യാസം. എന്നാല്‍ ഇന്ന് ചിലര്‍ തങ്ങളുടെ കാമപൂര്‍ത്തീകരണത്തിനായി സന്ന്യാസമെന്ന മഹത്തായ സങ്കല്പത്തെ ദുരുപയോഗം ചെയ്യുകവഴി മുഴുവന്‍ സന്ന്യാസിവര്‍ഗത്തിനും തദ്വാരാ സനാതന ധര്‍മത്തിനും ദുഷ്‌പേരുണ്ടാക്കിത്തീര്‍ക്കുന്നു. ഇതിനെതിരെ രംഗത്തുവരേണ്ടത് സന്ന്യാസിവര്യന്മാര്‍ തന്നെയാണ്. ഇത്തരത്തിലുള്ള കള്ളനാണയങ്ങളെ കണ്ടെത്തി സന്ന്യാസഭ്രഷ്ടരാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കേണ്ടതാണ്.

കാവിവസ്ത്രധാരികളെല്ലാം സന്ന്യാസദീക്ഷ നേടിയവരാണോ എന്നും ഇന്ന് അവരോരോത്തരും എന്തെല്ലാം കര്‍മങ്ങളിലാണേര്‍പ്പെട്ടിരിക്കുന്നതെന്നും തുടങ്ങി എല്ലാ കാര്യങ്ങളും സന്ന്യാസിസഭകളുടെ നേതൃത്വത്തില്‍ കൃത്യമായി അന്വേഷിക്കപ്പെടേണ്ടതാണ്. എല്ലാ മതത്തിലും രാഷ്ട്രീയ-അരാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പുഴുക്കുത്തുകളുണ്ട്. എന്നാല്‍ അത്തരക്കാരുടെ ദുഷ്‌കൃത്യങ്ങള്‍ ആ മതത്തെയോ പ്രസ്ഥാനത്തെയോ കരിവാരിത്തേക്കാനുള്ള ഉപാധിയായി മാറ്റാതെ അത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതാണ് ഒരു സംസ്‌കൃതസമൂഹം ചെയ്യേണ്ടത്. അധര്‍മികളായ സന്ന്യാസിമാര്‍ തങ്ങളുടെ ദുഷ്‌കര്‍മങ്ങളിലൂടെ സമൂഹത്തെ പിന്നോട്ടുനടത്തുമ്പോള്‍ അത്തരക്കാര്‍ക്ക് നിയമം നിഷ്‌കര്‍ഷിക്കുന്ന പരമാവധി ശിക്ഷ തന്നെ നല്‍കണം എന്നതിനുദാഹരണമാണ് രാമായണത്തില്‍ ശ്രീരാമന്‍ ശംബൂകനെ വധിച്ചുകൊണ്ട് നമുക്ക് മാതൃക കാണിച്ചുതരുന്നത്.